തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കഴിഞ്ഞ കോടതിവിധിയില്‍ അവ്യക്തത നില നില്‍ക്കുന്ന സാഹചര്യത്തില്‍ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുന്ന കാര്യത്തിലുള്ള പഴയ ആവേശത്തില്‍ നിന്നും സര്‍ക്കാര്‍ മയപ്പെടുന്നു. വിഷയം ഏഴംഗ വിശാല ബഞ്ചിന് വിട്ട സാഹചര്യത്തില്‍ 2018 സെപ്തംബറില്‍ പ്രസ്താവിച്ച സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന വിധി നില നില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ നിയമവിദഗ്ദ്ധരുടെ അഭിപ്രായം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ.

യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കേണ്ടതില്ലെന്ന് നിയമ മന്ത്രി തന്നെ വ്യക്തമാക്കി. ഇന്നലെ സുപ്രീംകോടതി തീരുമാനം വിശാല ബഞ്ചിന് വിട്ടെങ്കിലൂം നിലവിലെ വിധി സ്‌റ്റേ ചെയ്യുകയോ നിലവിലെ സ്ഥിതി തുടരണമെന്നോ പറഞ്ഞില്ല. ഇതോടെ സര്‍ക്കാരും ആശയക്കുഴപ്പത്തിലായി. യുവതീ പ്രവേശനം കര്‍ശനമായി പാലിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പൊതു വിലയിരുത്തല്‍. സ്‌റ്റേ ചെയ്യാത്ത വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമോ എന്ന ആശങ്കയും ഉണ്ട്.

ഇന്നലെ വിധി പുറത്തു വന്നതിന് പിന്നാലെ ശബരിമലയില്‍ പ്രവേശിക്കാന്‍ ഇത്തവണയും ശ്രമം നടത്തുമെന്ന് വനിതാ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. തൃപ്തി ദേശായിയും മനീതി മണ്‍റവും ശബരിമലയില്‍ കെട്ടുമായി എത്തുമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കെട്ടുമായി എത്തിയ അനേകം യുവതികള്‍ക്ക് സന്നിധാനത്ത് എത്താന്‍ കഴിയാതെ തിരിച്ചു പോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കഴിഞ്ഞ മണ്ഡല കാലത്തെ കലുഷിതമാക്കുകയും ചെയ്തിരുന്നു.

ഇത്തവണ ശാന്തമായ മണ്ഡലകാലമാണ് സര്‍ക്കാരും ലക്ഷ്യമിടുന്നത്. സംഘര്‍ഷം ഒഴിവാക്കലിന്റെ ഭാഗമായി ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ പോലീസിനെ കൊണ്ടു തന്നെ അനുനയിപ്പിച്ച്‌ തിരിച്ചയയ്ക്കുന്ന രീതി തുടരും. അതേസമയം ഇത്തവണയും സ്ത്രീപ്രവേശം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന വിലയിരുത്തലില്‍ പ്രതിരോധ നിലപാട് ആസൂത്രണം ചെയ്യുകയാണ് ബിജെപിയും സംഘപരിവാറും.

സുപ്രീംകോടതിയുടെ പുതിയ നീക്കം നിയമവിദഗ്ദ്ധരെയും രണ്ടു തട്ടിലാക്കിയിട്ടുണ്ട്. സുപ്രീംകോടതി തന്നെ സുപ്രീംകോടതിയുടെ വിധിയുടെ നിയമസാധുത സംശയിക്കുന്ന സാഹചര്യത്തില്‍ പഴയ വിധി അസാധുവായെന്നും അതിനായി പ്രത്യേക സ്‌റ്റേയുടെ ആവശ്യമില്ലെന്നും ഒരു വിഭാഗം പറയുമ്ബോള്‍ പഴയ വിധി ഇപ്പോഴും നിലവിലുണ്ട് എന്നാണ് മറുവിഭാഗം പറയുന്നത്.