തിരുവനന്തപുരം: സുപ്രീം കോടതിയുടെ ശബരിമല വിധിയില്‍ സന്തോഷമെന്ന് പ്രതികരിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഷയത്തില്‍ അന്തിമ വിധി വന്നാലേ അത് ആഘോഷിക്കാന്‍ കഴിയൂ. അതുവരെ വിശ്വാസികളായ യുവതികള്‍ ശബരിമലയ്ക്ക് പോവില്ലെന്നാണു കരുതുന്നത്. ഇത്തവണ യുവതികളെ എത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. വിധി വിശാല ബെഞ്ചിനു വിട്ടതോടെ പഴയ വിധി സ്റ്റേ ചെയ്തതിനു തുല്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അതേസമയം, ഇന്നത്തെ വിധി വിശ്വാസത്തിന്റേയും വിശ്വാസ സമൂഹത്തിന്റേയും വിജയമെന്ന് എന്‍എസ്‌എസ് പ്രതികരിച്ചു. സുപ്രീംകോടതി വിധിയെ അനുകൂലിച്ച്‌ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. യുവതികളെ പോലീസ് എത്തിക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വിശ്വാസം സംരക്ഷിക്കുന്ന വിധിയെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു. അതേസമയം, വിധി വക്രീകരിക്കാന്‍ ആരും നോക്കരുതെന്നും യുവതികള്‍ ശബരിമലയിലേക്ക് കയറാന്‍ ശ്രമിച്ചാല്‍ തടയുമെന്നുമായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.