ചേര്‍ത്തല: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിന് കൈമാറിയ സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അന്തിമ വിധി വന്നാലെ അത് ആഘോഷിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

അന്തിമ വിധി വരുന്നതു വരെ വിശ്വാസികളായ യുവതികള്‍ ശബരിമലക്ക് പോവില്ലെന്നാണ് കരുതുന്നത്. യുവതികളെ ഇത്തവണ എത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് കരുതുന്നില്ല. വിശാല ബെഞ്ചിന് വിട്ടതോടെ പഴയ വിധി സ്റ്റേ ചെയ്തിതിന് തുല്യമാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് താന്‍ എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധിയെ എന്‍.എസ്.എസ് സ്വാഗതം ചെയ്തു. വിശ്വാസത്തിന്‍റെയും വിശ്വാസി സമൂഹത്തിന്‍റെയും വിജയമായി വിധിയെ കാണുന്നുവെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.