ന്യൂഡല്‍ഹി: മാഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി സഖ്യം തകര്‍ന്നതിനെക്കുറിച്ച് മൗനം വെടിഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശിവസേനയുടെ ആവശ്യങ്ങള്‍ ബിജെപിക്ക് സ്വീകാര്യമല്ല. തിരഞ്ഞെടുപ്പിന് മുമ്ബ് തന്നെ കൃത്യമായ ധാരണയിലെത്തിയിരുന്നു. വിജയിച്ചാല്‍ ദേവേന്ദ്ര ഫെഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കുമെന്ന് അന്നേ തീരുമാനിച്ചിരുന്നു. അന്ന് അക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. ആ തീരുമാനത്തില്‍ താന്‍ കൂടി പങ്കെടുത്തിരുന്നുവെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്ബ് ഉണ്ടായ ധാരണയില്‍ നിന്ന് ശിവസേന പുറകോട്ടുപോയെന്നും അവര്‍ നുണ പറയുകയാണെന്നും ഫെഡ്‌നാവിസ് ആരോപിച്ചിരുന്നു. നുണ പറയുന്നവരുമായി സഖ്യമുണ്ടാക്കുന്നതെങ്ങനെയെന്നായിരുന്നു ഉദ്ദവ് താക്കറെയുടെ പ്രതികരണം. ശിവസേന-ബിജെപി ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കിയ ആരോപണമായിരുന്നു അത്.
ബിജെപിയും ശിവസേനയും തമ്മില്‍ അധികാരം തുല്യമായി പങ്കിടണമെന്നും മുഖ്യമന്ത്രി പദവി രണ്ടര വര്‍ഷം വച്ച് പകുത്തുനല്‍കണമെന്നുമായിരുന്നു ശിവസേനയുടെ ആവശ്യം. സര്‍ക്കാര്‍ രൂപീകരണചര്‍ച്ച പരാജയപ്പെട്ടതില്‍ മുഖ്യപങ്കുവഹിച്ചത് ശിവസേനയുടെ ഈ ആവശ്യമായിരുന്നു.