തിരുവനന്തപുരം: ശബരിമല കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെ ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്. ശബരിമല വിധിയുടെ മറവില്‍ അക്രമത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെന്ന് പോലീസ് മുന്നറിയിപ്പ്. സോഷ്യല്‍മീഡിയ വഴി തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും ശബരിമല വിധിയുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. അയോധ്യ കേസില്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിക്കാനിരിക്കെയും കേരള പോലീസ് ഇത്തരത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചിട്ടുള്ള പുന: പരിശോധന ഹാര്‍ജികളില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെയാണ് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്. സുപ്രീം കോടതിക്ക് മുമ്ബിലുള്ളത് 56 പുന: പരിശോധനാ ഹര്‍ജികല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. വ്യാഴാഴ്ച രാവിലെ 10.30നാണ് വിധി പ്രസ്താവം.

ശബരിമല കേസിലെ വിധി എന്തായാലും അംഗീകരിക്കുമെന്നാണ് ദേവസ്വം പ്രസിഡന്റ് എ പദ്മകുമാറിന്റെ പ്രതികരണം. വിധിയെ എല്ലാവരും സംയമനത്തോടെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേ സമയം വിധി എതിരായാല്‍ ഭരണഘടനാപരമായ മാര്‍ഗ്ഗം തേടിമെന്നാണ് ബിജെപി നേതാവ് എംടി രമേശ് പ്രതികരിച്ചത്.

2018 സെപ്തംബര്‍ 28നായിരുന്നു ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 1991 ഏപ്രില്‍ അഞ്ചിനാണ് ഹൈക്കോടതി ജസ്റ്റിസുമാരയ കെ പരിപൂര്‍ണന്‍, കെബി മാരാര്‍ എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച വിധിയാണ് 10 മുതല്‍ 50 വയസ്സുവരെയുള്ള പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ചിത്. ചങ്ങനാശേരി സ്വദേശിയായ എസ് മഹേന്ദ്രന്‍ എന്നയാളുടെ കത്ത് റിട്ട് ഹര്‍ജിയായി പരിഗണിച്ചാണ് ഹൈക്കോടതി വിധി.

എന്നാല്‍ 2006ല്‍ മാത്രമാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുുകൊണ്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. യംങ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്നീട് സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള 2018ലെ നിര്‍ണായക വിധിയ്ക്ക് വഴിതെളിക്കുന്നത്. 2017 ഒക്ടോബര്‍ 13നാണ് കേസ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെത്തുന്നത്. എട്ട് ദിവസത്തെ വാദം കേള്‍ക്കലിന് ശേഷമാണ് ജസ്റ്റിസുമാരായ റോഹിംങ്ടണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, എഎം കാന്‍വില്‍ക്കര്‍, ഇന്ദുമഷഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്‍പ്പെട്ടിരുന്നത്. വിധിയില്‍ നാല് ജഡ്ജിമാരും അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ ഇന്ദു മല്‍ഹോത്ര മാത്രമാണ് ആചാര അനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമായ നിലപാട് സ്വീകരിച്ചത്.