വാഷിങ്ടണ്‍: ഇംപീച്ച്മെന്റ് നടപടിക്രമത്തിെന്റ ഭാഗമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പൊതു തെളിവെടുപ്പ് തുടങ്ങി. രഹസ്യ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നത് അവസാനിച്ചതോടെയാണ് പൊതു തെളിവെടുപ്പ് തുടങ്ങിയത്. രാഷ്ട്രീയ എതിരാളി ജോ ബൈഡനും മകനുമെതിരെ അഴിമതിക്കേസില്‍ നടപടിയെടുക്കാന്‍ യുക്രെയ്ന് പ്രസിഡന്റില്‍ സമ്മര്‍ദം ചെലുത്തിയ ആരോപണത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ട്രംപിനെതിരെ ഇംപീച്ച്മെന്റിനൊരുങ്ങിയത്.
പരസ്യ പൊതുതെളിവെടുപ്പ് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ട്രംപ് ഭരണകൂടത്തിെന്റ ഭാഗമായി ഇപ്പോള്‍ സര്‍വിസിലുള്ളവരും മുമ്ബ് ഉണ്ടായിരുന്നവരും ജനപ്രതിനിധി സഭയിലെ ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി തെളിവു നല്‍കും. ബില്‍ ടെയ്ലര്, ജോര്‍ജ് കെന്റ് എന്നീ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ കമ്മിറ്റിക്ക് മുന്നാകെ മൊഴിനല്‍കുകയാണ്.
അതിനു ശേഷം ജുഡീഷ്യല്‍ കമ്മിറ്റിക്കു മുന്നില്‍ മൊഴിയെടുപ്പ് നടക്കും. കുറ്റം തെളിഞ്ഞാല്‍ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കും. സഭയില്‍ ഭൂരിപക്ഷം ഡെമോക്രാറ്റുകള്ക്കായതിനാല് പ്രമേയം നിശ്ശേഷം പാസാക്കാം. അതിനു ശേഷം കുറ്റവിചാരണ പ്രമേയം സെനറ്റിനു കൈമാറും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിെന്റ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറിയാണ് ട്രംപിനെ വിചാരണ ചെയ്യുക.
വിചാരണക്കു ശേഷം സെനറ്റില്‍ പ്രമേയം പാസായാല്‍ ശിക്ഷവിധിക്കും. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍ പ്രമേയം പാസാക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഇംപീച്ച്മെന്റ് നടപടികള്‍ പുതിയ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ യുക്രെയ്ന് പ്രസിഡന്റുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിെന്റ ശബ്ദരേഖ പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു. ശനിയാഴ്ച രേഖ പുറത്തുവിടുമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഇംപീച്ച്മെന്റ് നേരിടുന്ന നാലാമത്തെ യു.എസ് പ്രസിഡന്റാണ് ട്രംപ്. ഈ നടപടിയിലൂടെ ഇവരില്‍ ആരും അധികാരഭ്രഷ്ടരായിട്ടില്ല. വാട്ടര്‍ഗേറ്റ് വിവാദത്തില്‍പെട്ട് ഇംപീച്ച്മെന്റ് ഉറപ്പാകുമെന്ന ഘട്ടത്തില്‍ 1974ല്‍ റിച്ചാര്‍ഡ് നിക്സന് രാജിവെക്കുകയായിരുന്നു.