കൊച്ചി > കേരള ഹൈക്കോടതി ജഡ്ജിയായി അഡ്വ. സി എസ് ഡയസിനെ നിയമിച്ചു കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവിറക്കി. എറണാകുളം സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമാണ്. അഡ്വ. ആര്‍ ജി ഡയസിന്റെ മകനാണ്. തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്ന് 1992 ല്‍ നിയമ ബിരുദമെടുത്തു. റെയില്‍വെ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ അഭിഭാഷകനായിരുന്നു.
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ദേശീയ ഉപദേശക സമിതിയംഗമാണ്. 2012 മുതല്‍ മൂന്നു വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായിരുന്നു. സിവില്‍, ആര്‍ബിട്രേഷന്‍, ഫാമിലി നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ അമിക്കസ് ക്യൂറി ആയിരുന്നു. അഡ്വ. മിനി ഡയസാണ് ഭാര്യ. മക്കള്‍: അഡ്വ. റെയ്മണ്ട് ഡയസ്, റിനേറ്റ ഡയസ് (അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി, തൃശൂര്‍ അമല മെഡിക്കല്‍ കോളേജ്).