ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര് വിശാഖപട്ടണത്ത് പിടിയിലായി. ബംഗ്ലാദേശ് പൗരന്മാരായ ലബാലു, ജുവല്‍ എന്നിവരാണ് പിടിയിലായത്. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇവരെ പിടിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂര്‍ പാറച്ചന്തയില്‍ വൃദ്ധ ദമ്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ ചെറിയാന് എന്ന കുഞ്ഞുമോന് (75), ഭാര്യ ലില്ലി(68) എന്നിവരാണ് കൊല്ലപ്പെട്ടത്.കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റാണ് ചെറിയാന് മരിച്ചത്. മൃതദേഹത്തിനു സമീപം കമ്പിപ്പാര കിടപ്പുണ്ടായിരുന്നു. മണ്‍വെട്ടി കൊണ്ടുള്ള വെട്ടേറ്റാണ് ലില്ലി മരിച്ചത്. സമീപം മണ്‍വെട്ടി ഒടിഞ്ഞു കിടപ്പുണ്ടായിരുന്നു.
കേരളത്തിനു പുറത്തും വിദേശത്തും ഏറെക്കാലം ജോലി ചെയ്തിരുന്ന ദമ്പതികള്‍ നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. മക്കളും മരുമക്കളും വിദേശത്താണ്. തിങ്കളാഴ്ചയാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു. കുടുംബസുഹൃത്തുകള്‍ക്കൊപ്പം ചെറിയാനും ലില്ലിയും
ചൊവ്വാഴ്ച വിനോദയാത്രയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് മുതല്‍ ഇരുവരേയും സുഹൃത്തുകള്‍ ഫോണില്‍ ബന്ധപ്പെട്ടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടുത്ത ദിവസം രാവിലെ പുറപ്പെടാനുള്ള സമയമായിട്ടും ഇരുവരേയും കാണാതിരുന്നതോടെ സുഹൃത്തുക്കള്‍ ഇവരെ തേടി വീട്ടിലെത്തി. ഇവരാണ് ഇരുവരേയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.