ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ കടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഹോസ്‌റ്റല്‍ ഫീസ് വര്‍ദ്ധനവ് പിന്‍വലിച്ചു. മറ്റുനിയന്ത്രണങ്ങളിലും ഉടന്‍ മാറ്റം വരുത്തുമെന്ന് എച്ച്‌.ആര്‍.ഡി സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം വ്യക്തമാക്കി. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജെ.എന്‍.യു എക്സിക്യൂട്ടിവ് കമ്മിറ്റിയുടെതാണ് തീരുമാനങ്ങള്‍. ഇതോടുകൂടി രണ്ടാഴ്‌ചയായി തുടര്‍ന്നുവന്ന വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിനാണ് വിരാമമായത്.എന്നാല്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതു വരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയിരുന്നത്. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പിയും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പ്രൊഖ്രിയാല്‍ മണിക്കൂറുകളോളം ക്യാമ്ബസില്‍ കുടുങ്ങിയിരുന്നു.