പത്തനംതിട്ട: ശബരിമല മണ്ഡലകാലത്ത് നിലയ്ക്കല്‍- പമ്ബാ റൂട്ടില്‍ കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന അത്രയും സര്‍വീസ് ഇക്കുറിയും നടത്തുമെന്നും മന്ത്രി അറിയിച്ചു. മണ്ഡലകാലത്ത് പത്ത് ഇലട്രിക് ബസ് ഉള്‍പ്പെടെ 300 ഓളം ബസ്സുകള്‍ നിലയ്ക്കല്‍- പമ്ബാ ചെയിന്‍ സര്‍വീസിനായി ഉണ്ടാകും. മുന്‍ വര്‍ഷത്തെ പോലെ 40 രൂപ ടിക്കറ്റ് നിരക്ക് കെഎസ്‌ആര്‍ടിസി തുടരും. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചായിരിക്കും സര്‍വീസ് ക്രമീകരിക്കുക. ഏതെങ്കിലും റൂട്ടില്‍ നിന്ന് ബസ് പിന്‍വലിച്ച്‌ ഓടിക്കേണ്ട സാഹചര്യം ഇത്തവണയില്ലെന്നും മന്ത്രി വ്യക്തമാക്കി.

തീര്‍ത്ഥാടന മേഖലയെ അപകടരഹിതമാക്കാനുള്ള സേഫ് സോണ്‍ പദ്ധതി മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇലവുങ്കല്‍ കേന്ദ്രീകരിച്ചായിരിക്കും സേഫ് സോണ്‍. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നി ജില്ലകളില്‍ പട്രോളിംഗ് വാഹനങ്ങളും ജീവനക്കാരും ഉണ്ടാകും. ബ്രേക്ക് ഡൗണ്‍ സര്‍വ്വീസ്, അടിയന്തര വൈദ്യസഹായം തുടങ്ങിയ സൗകര്യങ്ങള്‍ സേഫ് സോണിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.