ന്യൂഡല്‍ഹി: അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

സുപ്രീംകോടതി വിധിയനുസരിച്ച്‌ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി അയോധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ചരിത്ര പ്രധാനമായ വിധി പ്രസ്താവിച്ച അവസരത്തില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

അതനുസരിച്ച്‌, ഇതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ത്വരിതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അറ്റോര്‍ണി ജനറലിന്‍റെയും കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെയും നിയമോപദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടിയതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിര്‍മിക്കാന്‍ രൂപവത്കരിച്ച ട്രസ്റ്റിന്‍റെ മാതൃകയില്‍ ട്രസ്റ്റ് രൂപവത്കരിക്കുക എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണനയിലുള്ളത്.

എന്നാല്‍, ജനുവരിയില്‍ മകരസംക്രാന്തിയ്ക്ക് അയോധ്യ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം നടക്കുമെന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.

എന്നാല്‍, ക്ഷേത്ര നിര്‍മ്മാണ൦ സംബന്ധിച്ച മറ്റൊരു വാര്‍ത്തകൂടി പുറത്തുവരുന്നുണ്ട്. അതായത് ക്ഷേത്രം നിര്‍മ്മിക്കാന്‍ കുറഞ്ഞത്‌ 5 വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് സൂചന. അതായത് അതിമഹത്തായ കരകൗശല വിദ്യയില്‍ പണി പൂര്‍ത്തിയാകുന്ന ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് 250 കരകൗശല വിദഗ്ദരുടെ കഠിന പ്രയത്‌നം അനിവാര്യമാണ്.

1990 മുതലാണ് വിഎച്ച്‌പി കാര്യശാലയില്‍ ജോലികള്‍ ആരംഭിച്ചത്. ക്ഷേത്രത്തിന്‍റെ താഴത്തെ നില ഉള്‍പ്പെടെ മൊത്തത്തില്‍ പകുതി ഭാഗത്തിന്‍റെ നിര്‍മ്മാണം മാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളു. അത് പൂര്‍ത്തീകരിക്കാന്‍ തന്നെ ഏകദേശം മൂന്നു പതിറ്റാണ്ടോളം സമയം എടുത്തു. കൂടാതെ, ഇതുവരെ 212 തൂണുകളില്‍ 106 തൂണുകള്‍ തയ്യാറായി കഴിഞ്ഞു. ശ്രീകോവിലിലെ സ്വീകാര്യമുറിയ്ക്കുള്ള ഭിത്തികളുടെ പണികള്‍ പൂര്‍ത്തിയായിട്ടുണ്ട് മാര്‍ബിള്‍ കൊണ്ടുള്ള കട്ടിളകളുടെ നിര്‍മ്മാണവും കഴിഞ്ഞിട്ടുണ്ട്.

അവസാന കരകൗശല വിദഗ്ധനായ രജ്‌നികാന്ത് സോംപുര ഈ വര്‍ഷം ജൂലൈയില്‍ മരിച്ചതിനാല്‍ വിഎച്ച്‌പി കാര്യശാലയില്‍ കരകൗശല ജോലിക്കാരില്ല എന്നാണ് സൂചന. ക്ഷേത്രത്തിന്‍റെ പണി ആരംഭിക്കുമ്ബോള്‍ 100 തൊഴിലാളികള്‍ ഉള്‍പ്പടെ 150 ഓളം കൊത്തുപണിക്കാര്‍ ഉണ്ടായിരുന്നു. ഇവര്‍ രാജസ്ഥാനില്‍ നിന്നും കൊണ്ടുവരുന്ന കല്ലുകളിലാണ് പ്രധാനമായും ജോലി ചെയ്തിരുന്നത്. ആദ്യത്തെ പത്തു വര്‍ഷത്തിനുള്ളില്‍ ജോലി വേഗത്തിലായിരുന്നു. കാലക്രമേണ, വേഗത കുറയുകയും കൊത്തുപണിക്കാരുടെയും തൊഴിലാളികളുടെയും എണ്ണത്തില്‍ കുറഞ്ഞുവരികയും ചെയ്തു.