ലോസ് ആഞ്ചെലെസ്: ഗ്രാമി അവാര്‍ഡ് വിന്നറും വയലിനിസ്റ്റുമായ  മനോജ് ജോര്‍ജും പിന്നണി ഗായകന്‍ നജിം അര്‍ഷാദും സംഘവും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന് ലോസ് ആഞ്ചലസിലെ സംഗീത പ്രേമികള്‍ക്ക് മറക്കാനാവാത്ത  അനുഭവമായി . ഞായറാഴ്ച വൈകിട്ട് ലോങ്ങ് ബീച്ചിലെ ലിന്‍ഡ്‌ബെര്‍ഗ് മിഡില്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ഇന്‍ഡി ബീറ്റ്‌സ് മ്യൂസിക് ഗ്രൂപ്പുമായി ചേര്‍ന്നു നടത്തിയ സംഗീത സായാഹ്നം. ‘വിന്‍ഡ്‌സ് ഓഫ് സംസാര’ എന്ന ആല്‍ബത്തിലൂടെ ആദ്യമായൊരു ഗ്രാമി അവാര്‍ഡ് മലയാളികള്‍ക്കുസമ്മാനിച്ച മനോജ്, ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെയും, നിരവധി പിന്നണി ഗാനങ്ങളിലൂടെയും മലയാളികള്‍ക്കു സുപരിചിതനായ നജിം അര്‍ഷാദ്, സ്റ്റാര്‍ സിങ്ങര്‍ താരമായ രാഖി നാഥ്, വളര്‍ന്നുവരുന്ന കീ ബോര്‍ഡ് താരം സന്‌ജോവ് ജോബ്,  ഇന്‍ഡി ബീറ്റ്‌സ് ശ്രീജിത്ത്, ഡോ. രവി രാഘവന്‍, വിവേക്,  മിനി     എന്നിവര്‍ പരിപാടികളവതരിപ്പിച്ചു. വളരുന്നുവരുന്ന ഗായകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി  സാന്‍ഫ്രാന്‍സിസ്‌കോയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിക് ഇന്ത്യ ഫൌണ്ടേഷന്‌ടെ ആഭിമുഖ്യത്തിലായിരുന്നു  പരിപാടികള്‍.  ഫൌണ്ടേഷനിലെ  കലാകാരന്മാര്‍  തന്നെയായിരുന്നു പിന്നണിയിലും. രവി ശങ്കര്‍, റോഷന്‍ പുത്തന്‍പുരക്കല്‍ എന്നിവരായിരുന്നു  ലോസ് ആഞ്ചലസിലെ പരിപാടികള്‍ ആസൂത്രണം ചെയ്തത്. പാര്‍വതി സഞ്ജയ് പരിപാടികള്‍ നിയന്ത്രിച്ചു.