ന്യൂഡൽഹി: സുപ്രീംകോടതിയും ചീഫ് ജസ്റ്റീസ് ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ എന്നതു സംബന്ധിച്ചു സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. ഉച്ചയ്ക്കു രണ്ടിനു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണു വിധി പറയുക.
സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്നു ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. 2009 നവംബറിലാണ് ഡൽഹി ഹൈക്കോടതി ഫുൾബെഞ്ച് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ 2010 നവംബറിൽ സുപ്രീംകോടതി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപ്പീൽ നൽകി. ഇതു പരിഗണിച്ചു സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കി. ആറു വർഷത്തിനുശേഷം 2016-ലാണു ഹർജി അഞ്ചംഗ ഭരണഘടന ബെഞ്ചിനു വിട്ടത്.
ചീഫ് ജസ്റ്റീസിനു പുറമേ, ജസ്റ്റീസുമാരായ എൻ.വി. രമണ, ഡി.വൈ. ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണു കേസിൽ വാദം കേട്ട ഭരണഘടനാ ബെഞ്ചിലുള്ള ജഡ്ജിമാർ.
2007-ൽ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ സുഭാഷ് ചന്ദ്ര അഗർവാൾ സുപ്രീംകോടതി രജിസ്ട്രിയിൽ വിവരാവകാശ അപേക്ഷ നൽകി. ചീഫ് ജസ്റ്റീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്തതിനാൽ വിവരങ്ങൾ കൈമാറാനാകില്ലെന്നായിരുന്നു അന്നു രജിസ്ട്രി നൽകിയ മറുപടി. ഇതു ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണു ഡൽഹി ഹൈക്കോടതി, സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്നു വിധിച്ചത്.