അസം: സോനിത്പുര്‍ ജില്ലയുടെ ഉറക്കം കെടുത്തി ഭീകരത സൃഷ്ടിച്ച ‘ബിന്‍ ലാദന്‍’ ഒടുവില്‍ വെടിയേറ്റ് വീണു. ജില്ലയില്‍ ഒറ്റ ദിവസം മൂന്ന് സ്ത്രീകളെയടക്കം അഞ്ച് പേരെ കൊന്ന കാട്ടാനയാണ് ബിന്‍ ലാദന്‍. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഇത്രയും മനുഷ്യക്കൊല നടത്തിയിട്ടുള്ള ഏക ആനയെന്ന കുപ്രസിദ്ധിയും അങ്ങനെ ലാദന് ചാര്‍ത്തിക്കിട്ടി.

എങ്ങനെയെങ്കിലും പിടികൂടണം എന്ന അധികൃതരുടെ ലക്ഷ്യമാണ് ഒടുവില്‍ ഫലം കണ്ടത്. അത്രത്തോളം തലവേദന സൃഷ്ടിച്ച ഭീകരനായിരുന്നു ഈ ആന. ജന ജീവിതത്തിന് തന്നെ ശല്യമായതോടെയാണ് ലാദനെ വെടിവച്ച്‌ വീഴ്ത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഡ്രോണും പ്രദേശിക വളര്‍ത്താനകളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തിയ വന്‍ സംഘം രൂപീകരിച്ചാണ് ലാദനെ വീഴ്ത്താനുള്ള പദ്ധതി തയാറാക്കിയത്. വ്യാപകമായ തിരച്ചിലില്‍ ലാദനെ കണ്ടെത്തിയ സംഘം മയക്കുവെടി വച്ച്‌ വീഴ്ത്തുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2300 ആളുകള്‍ ഇന്ത്യയില്‍ ആനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ജൂണില്‍ പുറത്ത് വിട്ട അസം സര്‍ക്കാറിന്റെ കണക്കുകള്‍ പറയുന്നു. ഏതാണ്ട് 700 ആനകളും ഇക്കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.