ന്യൂയോർക്ക്: ലോകത്തിലെ അതിസന്പന്നരിൽ ഒരാളും ന്യൂയോർക്കിലെ മുൻ മേയറുമായ മൈക്കിൾ ബ്ലൂംബെർഗ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു ഗോദയിലേക്ക്. പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള നീക്കങ്ങൾ അദ്ദേഹം ആരംഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിരവധി അഭിപ്രായസർവേ സ്ഥാപനങ്ങളുമായി ബന്ധമുള്ള ബ്ലൂംബെർഗ്, ജയസാധ്യത ഉറപ്പായതുകൊണ്ടാണ് മത്സരിക്കാൻ ഇറങ്ങുന്നതെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെട്ടു. സ്ഥാനാർഥിത്വം ഉറപ്പുവരുത്താനായാൽ അടുത്തവർഷം നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടാം വട്ടം ജനവിധി തേടുന്ന പ്രസിഡന്റ് ട്രംപിനു കനത്ത വെല്ലുവിളി ഉയർത്താൻ ബ്ലൂംബെർഗിനാകും.
ഡെമോക്രാറ്റിക് പാർട്ടിയിൽ നിലവിൽ 16 പേർ സ്ഥാനാർഥിത്വത്തിനായി പോരാടുന്നു. മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ, സെനറ്റർമാരായ ബേർണി സാൻഡേഴ്സ്, എലിസബത്ത് വാറൻ എന്നിവർക്ക് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നു. സംസ്ഥാനങ്ങളിൽ നടക്കുന്ന ഉൾപ്പാർട്ടി തെരഞ്ഞെടുപ്പുകളി(പ്രൈമറികളും കോക്കസുകളും)ലൂടെയാണ് സ്ഥാനാർഥിയെ കണ്ടെത്തുക.
നിലവിലുള്ള സ്ഥാനാർഥി മോഹികളാരും ട്രംപിനെ നേരിടാൻ പര്യാപ്തരല്ലെന്ന നിഗമനത്തിലാണ് ബ്ലൂംബെർഗ് മത്സരിക്കാനൊരുങ്ങുന്നത്. വ്യാഴാഴ്ച അദ്ദേഹം തന്റെ ഉപദേഷ്ടാവ് മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ, ട്രംപിനെ തോല്പിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനു പറ്റിയ ആരും ഡെമോക്രാറ്റിക് പാർട്ടിയിലില്ലെന്നും പറഞ്ഞിരുന്നു. ശതകോടീശരന്മാരിൽനിന്ന് കൂടുതൽ നികുതി ഈടാക്കുമെന്ന് മറ്റു ചില സ്ഥാനാർഥിമോഹികൾ പറഞ്ഞതിനു പിന്നാലെയാണ് ബ്ലൂംബെർഗിന്റെ നീക്കളുണ്ടായതെന്നതും ശ്രദ്ധേയം.
2008ലും 2016ലും പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കാൻ ബ്ലൂംബെർഗ് ആലോചിച്ചിരുന്നു. എന്നാൽ 2020ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരാഗ്രഹവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
2001 മുതൽ 2013 വരെ തുടർച്ചയായി മൂന്നുവട്ടം ന്യൂയോർക്ക് മേയറായിരുന്നു ബ്ലൂംബെർഗ്. ഡെമോക്രാറ്റിക് പാർട്ടിക്കാരനായിരുന്ന അദ്ദേഹം 2001ൽ കൂറുമാറി റിപ്പബ്ലിക്കനായിട്ടാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 2005ൽ രണ്ടാം വട്ടം വിജയിച്ചെങ്കിലും രണ്ടു വർഷത്തിനു ശേഷം റിപ്പബ്ലിക്കൻ പാർട്ടിവിട്ടു. 2009ൽ സ്വതന്ത്രനായിട്ടാണു ജയിച്ചത്. അടുത്തിടെയാണ് വീണ്ടും ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നത്.
ഫോബ്സ് മാഗസിന്റെ അതിസന്പന്നരുടെ പട്ടികയിൽ ലോകത്തിൽ 14-ാം സ്ഥാനത്തും യുഎസിൽ ഒന്പതാം സ്ഥാനത്തുമാണ് ബ്ലൂംബെർഗ്. സന്പത്ത് 5,200 കോടി ഡോളർ. ട്രംപിന്റെ സന്പത്തി(310 കോടി ഡോളർ)നേക്കാൾ 17 മടങ്ങ് കൂടുതൽ. ബ്ലൂംബെർഗ് എന്നപേരിലുള്ള വാർത്താ ഏജൻസിയാണു മുഖ്യ വരുമാനസ്രോതസ്. ശതകോടിക്കണക്കിനു ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു സംഭാവന ചെയ്തിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം, തോക്കുനിയന്ത്രണം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ട്രംപിന്റേതിനു കടകവിരുദ്ധമായ നിലപാടുകളാണുള്ളത്. സാന്പത്തികം പോലുള്ള വിഷയങ്ങളിൽ യാഥാസ്ഥിതികനാണ്.