വാഷിംഗ്ടണ്‍: ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളിക്കളഞ്ഞു മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലി. കഴിഞ്ഞ ദിവസം നല്കിയ അഭിമുഖത്തിലാണ് നിക്കി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഒരു വര്‍ഷം മുന്‍പാണ് നിക്കി ഹേലി യുഎന്‍ അംബാസഡര്‍ പദവി രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ട്രംപുമൊത്തു പ്രവര്‍ത്തിച്ചതു ജീവിതത്തിലെ വലിയ അനുഗ്രഹമായിരുന്നുവെന്ന് നിക്കി പറഞ്ഞു. ട്രംപിന്റെ രാഷ്ട്രീയ എതിരാളി ജൊ ബൈഡന്റെ ഇടപാടുകളെ കുറിച്ചും, ഡമോക്രാറ്റുകള്‍ ട്രംപിനെ പുറത്താക്കുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും നിക്കി പറഞ്ഞു. ഉക്രെയ്ന് ഗവണ്മെന്റ് ട്രംപിന്റെ ഇടപെടലുകള്‍ സംബന്ധിച്ചു യാതൊരു അന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല. അമേരിക്കയിലെ ഭൂരിപക്ഷം ജനതയ്ക്കും താല്പര്യമില്ലാത്ത ഇംപീച്ച്മെന്റ് നടപടികളില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ ഇത്രയും താല്പര്യമെടുക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നിക്കി പറഞ്ഞു.
ഉക്രെയ്ന് പ്രസിഡന്റുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടിട്ടും എന്തുകൊണ്ടാണ് ഡമോക്രാറ്റുകള്‍ ട്രംപിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നതെന്നും നിക്കി ചോദിച്ചു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്