ന്യൂയോര്‍ക്ക്: ( 12.11.2019) അമേരിക്കയിലെ ക്വീന്‍സില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ദിനേശ്വര്‍ ബുദ്ധിദത് (33) ആണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധനയില്‍ അസൂയയാണ് ദിനേശ്വര്‍ ബുദ്ധിദതിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ദ ന്യൂയോര്‍ക്ക് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബാര്‍ ടെന്‍ഡറായി ജോലി നോക്കിയിരുന്ന ഡോണെക്ക് ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ ദിനേശ്വറിന് കടുത്ത അസൂയ ഉണ്ടായിരുന്നതായും വീട്ടിലിരുന്ന് ഹൃത്വിക് റോഷന്റെ സിനിമകള്‍ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്ബോള്‍ അത് നിര്‍ത്താന്‍ ഡോണെയോട് ദിനേശ്വര്‍ ആവശ്യപ്പെട്ടിരുന്നതായും ഡോണെയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. ഡോണെയുടെ മൃതദേഹത്തിനു സമീപമാണ് ദിനേശ്വറിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.