കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പന്തീരാങ്കാവില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ നിയമം ചുമത്താന്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇന്നലെയാണ് ഫോറന്‍സിക് ലാബ് അധികൃതര്‍ പൊലീസിന് റിപ്പോര്‍ട്ട് കൈമാറിയത്.

പ്രതികളായ അലനില്‍ നിന്നും താഹയില്‍ നിന്നും കണ്ടെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും ഇരുവരുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച്‌ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് അറിയിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി ചൂണ്ടിക്കാട്ടി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.

അലന്റെ പന്നിയങ്കരയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു മൊബൈല്‍ ഫോണ്‍, രണ്ട് സിം കാര്‍ഡുകള്‍ എന്നിവ ബെഡ്‌റൂമില്‍ നിന്നും പിടിച്ചെടുത്തിരുന്നു. മറ്റൊരു പ്രതിയായ താഹയുടെ മൂര്‍ക്കനാട്ടിലെ വീട്ടില്‍ നിന്നും ലാപ്‌ടോപ്, ഡ്യൂവല്‍ സിം ഫോണ്‍, മെമ്മറി കാര്‍ഡുകള്‍, സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവ്, ലാപ്‌ടോപ് ചാര്‍ജര്‍ എന്നിവയും കണ്ടെടുത്തിരുന്നു. ഇവയെല്ലാം വിശദപരിശോധനയ്ക്കായി കണ്ണൂര്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയായിരുന്നു.

അലന്റെയും താഹയുടെയും ഫെയ്‌സ്ബുക്ക് പേജിലെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അലന്‍ ഷുഹൈബിന്റെ അലന്‍ മോമോയെന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലെ വിശദാംശങ്ങളാണ് പൊലീസ് ശേഖരിച്ചത്. ദേശവിരുദ്ധ ഉള്ളടക്കമുള്ളതെന്ന് പറയപ്പെടുന്ന ഇത്തരം പോസ്റ്റുകള്‍ അടക്കം അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.

വിദ്യാര്‍ത്ഥികളായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയതോടെ, ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 14 ( വ്യാഴാഴ്ച) ലേക്ക് മാറ്റിയ കോടതി, സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് അടക്കമുള്ള തെളിവുകള്‍ നിരത്തി പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം.