തിരുവനന്തപുരം: പാതി വഴിയില്‍ പഠനം മുടങ്ങിയിട്ടും തിരുവനന്തപുരം വെള്ളനാട് വെളിയന്നൂര്‍ സ്വദേശി നന്ദകുമാറിനെ തേടിയെത്തിയത് ഒരു ഡസനോളം സര്‍ക്കാര്‍ ജോലികള്‍. തിരിച്ചടികള്‍ക്കിടയിലും കാലം കാത്തുവെച്ച സൗഭാഗ്യം തനിക്കായി കാത്തിരിപ്പുണ്ടാകും എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയതാണ് നന്ദകുമാറിന് തുണയായത്.

വീട്ടിലെ സാമ്ബത്തിക സ്ഥിതി മോശമായതോടെയാണ് ബിരുദാനന്തര ബിരുദപഠനം നന്ദകുമാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചത്. പിന്നീട് പിഎസ്‌സി പരീക്ഷയ്ക്കായി കോച്ചിങ് ഒന്നുമില്ലാതെ തന്നെ തയ്യാറെടുക്കുകയായിരുന്നു. ആഗ്രഹിച്ച സര്‍ക്കാര്‍ ജോലിയിലേക്കുള്ള വഴി നന്ദകുമാറിനും കഠിനം തന്നെയായിരുന്നു. പിഎസ്സി കോച്ചിങ് സെന്ററില്‍ ഫീസ് നല്‍കി പഠിക്കാനുള്ള സാഹചര്യമില്ലാതിരുന്നതിനാല്‍ പുസ്തകങ്ങള്‍ നോക്കിയായിരുന്നു പഠനം. ഒപ്പം കൂട്ടുകാരോടൊത്ത് കംബൈന്‍ഡ് സ്റ്റഡിയും. ദൃഢനിശ്ചയത്തോടെയുള്ള ചിട്ടയായ പഠനം ആശിച്ച സര്‍ക്കാര്‍ ജോലി തന്നെ നന്ദകുമാറിനു നേടിക്കൊടുത്തു. ഒന്നല്ല, ഒരു ഡസനോളം പിഎസ്സി റാങ്ക് ലിസ്റ്റിലാണ് ഈ സൈക്കോളജി ബിരുദധാരി മികച്ച റാങ്കുകള്‍ കരസ്ഥമാക്കിയത്. തിരുവനന്തപുരം ജില്ലയിലെ എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍ നിന്ന് പൊതുമരാമത്ത് വകുപ്പില്‍ നിയമനശുപാര്‍ശ ലഭിച്ച നന്ദകുമാര്‍ ഇപ്പോള്‍ പിഡബ്ല്യുഡിയുടെ സെക്രട്ടേറിയറ്റ് കെട്ടിടവിഭാഗത്തില്‍ എല്‍ഡി ക്ലാര്‍ക്കാണ്.

കെഎസ്‌ആര്‍ടിസി റിസര്‍വ് കണ്ടക്ടര്‍, ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍, കെഎസ്‌എഫ്‌ഇയില്‍ ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ്, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ എല്‍ഡി ക്ലാര്‍ക്ക്, വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് എന്നീ റാങ്ക് ലിസ്റ്റുകളിലും സിവില്‍ പൊലീസ് ഓഫിസര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍, ഫയര്‍മാന്‍ എന്നീ ഷോര്‍ട് ലിസ്റ്റുകളിലുമാണ് നന്ദകുമാര്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ റിസര്‍വ് കണ്ടക്ടര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍, കെഎസ്‌എഫ്‌ഇ ലാസ്റ്റ് ഗ്രേഡ്, എല്‍ഡിസി എന്നീ തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ചു.

വെള്ളനാട് വെളിയന്നൂര്‍ ചാങ്ങ നന്ദകൃഷ്ണയില്‍ ശ്രീകുമാരന്‍ നായരുടെയും സത്യഭാമയുടെയും മകനാണ്. ഭാര്യ നീതി ആര്‍ ചന്ദ്രന്‍ പിഎസ്സി പരീക്ഷാപരിശീലന രംഗത്ത് സജീവമാണ്. ഒരു വയസുകാരന്‍ സാര്‍വിക് നന്ദനാണ് മകന്‍.