കൊച്ചി: അമൃത വിശ്വ വിദ്യാപീഠത്തിന് ലോക സര്‍വകലാശാല റാങ്കിങില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റിയായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ലണ്ടനിലെ ടൈംസ് ഉന്നത വിദ്യാഭ്യാസ ചീഫ് ഡാറ്റാ ഓഫീസര്‍ ഡങ്കണ്‍ റോസാണ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്.
അമൃത യൂണിവേഴ്‌സിറ്റിക്ക് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അമൃത യൂണിവേഴ്‌സിറ്റി ശരിക്കും ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളിലൊന്നാണെന്നും ഡങ്കണ്‍ റോസ് പറഞ്ഞു. ചാന്‍സലറായ അമ്മയുടെ കീഴില്‍ യൂണിവേഴ്‌സിറ്റി വ്യത്യസ്തമായ അറിവും പഠന രീതിയുമാണ് നടപ്പാക്കി വരുന്നതെന്നും ഡങ്കണ്‍ പറഞ്ഞു.
എന്‍ജിനീയറിങ്, സാങ്കേതിക രംഗത്തും അമൃതയെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സര്‍വകലാശാലയായി 2020ലെ ലോക യൂണിവേഴ്‌സിറ്റി റാങ്കിങില്‍ തെരഞ്ഞെടുത്തിട്ടുണ്ട്. 92 രാജ്യങ്ങളിലെ 1400 യൂണിവേഴ്‌സിറ്റികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അദ്ധ്യയന രീതി, ഗവേഷണം, അറിവിന്റെ പങ്കുവയ്ക്കല്‍ രാജ്യാന്തര കാഴ്ചപ്പാട് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നല്‍കുന്നത്.
അമൃത ലൈവ്-ഇന്‍-ലാബ്‌സ്, അമൃത ശ്രീ പരിപാടികളെ അടിസ്ഥാനമാക്കി ലോകത്ത് സാമൂഹ്യ, സാമ്പത്തിക രംഗത്ത് നല്‍കിയ സംഭാവനകള്‍ക്ക് അമൃതയെ ലോകത്തെ ഏറ്റവും മികച്ച 300 യൂണിവേഴ്‌സിറ്റികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോള വിദ്യാഭ്യാസ ഭൂപടത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിന് വഴിയൊരുക്കിയ ലോകോത്തര നിലവാരം കൈവരിച്ച സ്ഥാപനമായി അമൃതയെ ഇന്ത്യന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്.