വിസ്കോൺസിൻ: നവംബർ മാസത്തിലെ അവസാന ആഴ്ച ദേശീയ ബൈബിള്‍ വാരമായി ആചരിക്കാൻ അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തെ നിയമനിർമ്മാണ സഭ പ്രമേയം കൊണ്ടുവരുന്നു. സഭയുടെ ഭൂരിപക്ഷവും റിപ്പബ്ലിക്കൻ നേതാക്കളായതിനാൽ പ്രമേയം പാസാകുമെന്നാണ് കരുതപ്പെടുന്നത്. ജനസഭയിലെ 15 റിപ്പബ്ലിക് നേതാക്കന്മാരാണ് പ്രമേയത്തിന് അവതരണാനുമതി തേടിയിരിക്കുന്നത്. മുൻ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ് 1941ൽ നാഷണൽ ബൈബിൾ വീക്ക് ആചരണം പ്രഖ്യാപിച്ചത് പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരത്തിലുള്ള ആചരണം ബൈബിൾ വായിക്കാൻ പ്രോത്സാഹനം നൽകുമെന്നു പ്രമേയത്തിൽ പറയുന്നു. ബൈബിൾ വായന സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരുപാട് ആളുകൾക്ക് ആശ്വാസവും, പ്രചോദനവും നൽകിയിട്ടുണ്ടെന്നും ബൈബിളാണ് തങ്ങളുടെ മൂല്യങ്ങളെയും, ആത്മീയതയെയും, സാമൂഹ്യ ഘടനയെയും രൂപപ്പെടുത്തിയെടുത്തെന്നും റിപ്പബ്ലിക്കൻ നേതാക്കന്മാർ പ്രമേയത്തില്‍ കുറിച്ചു. നാളെയാണ് പ്രമേയം വോട്ടെടുപ്പിന് പരിഗണിക്കുന്നത്. അതേസമയം പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ നിരീശ്വര പ്രസ്ഥാനങ്ങൾ രംഗത്തുവന്നിട്ടുണ്ട്.