തിരുവനന്തപുരം: പ്രളയപ്പെയ്ത്തിന്റെ കാലവർഷത്തിനു ശേഷം തുലാവർഷം കൂടി തിമിർത്തതോടെ വാർഷിക മഴയുടെ കണക്കിലും കവിഞ്ഞ് കേരളം. സംസ്ഥാനത്ത് ഇന്നലെ വരെ പെയ്തത് 3070.6 മില്ലിമീറ്റർ മഴയാണ്. കേരളത്തിനു കിട്ടേണ്ട മഴയുടെ വാർഷിക ശരാശരിയേക്കാൾ നാലു ശതമാനം അധികമാണിത്. തുലാവർഷം തീരാൻ ഒന്നരമാസം ബാക്കി നിൽക്കെയാണിത്.
തുലാവർഷത്തിന്റെ പെയ്ത്തുരീതിയിൽ പ്രകടമായ മാറ്റത്തിനൊപ്പം കേരളത്തിലെ മഴക്കാലങ്ങൾ ആകെ മാറിമറിയുകയാണെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മഴക്കണക്കുകളും നൽകുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പെയ്യേണ്ട ശൈത്യകാല മഴയിൽ ഇക്കൊല്ലം 46 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത് (24.4 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 13.1 മില്ലിമീറ്റർ മാത്രം).
തുടർന്നു വന്ന വേനൽമഴയിൽ 55 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 379.7 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 169.8 മില്ലിമീറ്റർ മാത്രം. ഇക്കാലയളവിൽ സംസ്ഥാനത്തെ ഒരു ജില്ലയിൽ പോലും ശരാശരി മഴ പെയ്തില്ല എന്നതും ശ്രദ്ധേയമാണ്. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴക്കുറവ് 75 ശതമാനത്തിനും മുകളിലെത്തി.
കേരളത്തിൽ ജൂണ്‍ ആദ്യംതന്നെ കാലവർഷം പെയ്തുതുടങ്ങി. 13 ശതമാനം അധികമഴയാണ് ജൂണിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച കാലവർഷത്തിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2049.2 മില്ലിമീറ്റർ മഴയാണ് ഇക്കാലയളവിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 2309.8 മില്ലിമീറ്ററും! കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് പാലക്കാട് ജില്ലയിലാണ്. 39 ശതമാനം അധികമഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കുറവ്. ഇടുക്കിയിൽ 11 ശതമാനവും വയനാട്ടിൽ ആറ് ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ മറ്റെല്ലാ ജില്ലകളിലും അധികമഴ ലഭിക്കുകയും ചെയ്തു.
കാലവർഷത്തിന്റെ പിൻവാങ്ങലും തുലാവർഷത്തിന്റെ തുടക്കവും ഏതാണ്ട് ഒരേ കാലയളവിലായതോടെ തോരാമഴയിലേക്ക് കേരളം മാറി. തിമിർത്തു പെയ്ത തുലാവർഷം തുലാമാസം തീരും മുൻപേ ശരാശരി മഴയുടെ കണക്കുകളെ കടത്തിവെട്ടി. തുലാവർഷം ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും തുലാവർഷത്തിൽ നിന്നു കിട്ടേണ്ട മഴയേക്കാൾ അധികം പെയ്തിറങ്ങുകയും ചെയ്തു. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന തുലാവർഷകാലത്ത് ആകെ പെയ്യേണ്ടത് 480.7 മില്ലീമീറ്റർ മഴയാണ്. എന്നാൽ ഇന്നലെ വരെ പെയ്തത് 578.1 മില്ലിമീറ്റർ; 51 ശതമാനം അധിക മഴ. ഇതോടെ വാർഷിക മഴയുടെ കണക്കിലും കേരളം ശരാശരിക്കു മുകളിലെത്തുകയും ചെയ്തു.
വർഷാരംഭത്തിൽ മഴ തീരെ കുറയുകയും വർഷാന്ത്യം മുഴുവൻ തോരാമഴയുടെ പിടിയിലാവുകയും ചെയ്യുന്ന പ്രകടമായ ഒരു വ്യതിയാനത്തിലേക്ക് സംസ്ഥാനം മെല്ലെ മെല്ലെ മാറുന്നതായാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മഴക്കണക്കുകൾ നൽകുന്ന സൂചന. കാലാവസ്ഥാ രംഗത്തെ വിദഗ്ധരും ഇക്കാര്യം ഏറെക്കുറെ ശരിവയ്ക്കുന്നു.
സംസ്ഥാനത്ത് ഈ വർഷം പെയ്ത മഴയുടെ കണക്കുകൾ മില്ലിമീറ്ററിൽ-പെയ്ത മഴ(പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ
ശൈത്യകാല മഴ(ജനുവരി, ഫെബ്രുവരി)-13.1(24.4)
വേനൽ മഴ(മാർച്ച്, ഏപ്രിൽ, മെയ്)-169.6(379.7)
കാലവർഷം(ജൂണ്‍ മുതൽ സെപ്റ്റംബർ വരെ)-2309.8(2049.2)
തുലാവർഷം(ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ)-578.1(381.9)