കോട്ടയം: ജെ.സി. ഡാനിയലിന്റെ പ്രപിതാമഹൻ ജെ.എൻ.ഡാനിയേലിന്റെ കല്ലറ കണ്ടെത്തി. ചങ്ങനാശേരി സിഎസ്ഐ പള്ളി സെമിത്തേരിയിലാണ് കല്ലറ ഫൗണ്ടേഷൻ പ്രതിനിധികളും കുടുംബാംഗങ്ങളും കണ്ടെത്തിയത്.
വിഗതകുമാരൻ എന്ന മലയാളത്തിലെ ആദ്യസിനിമ നിർമിച്ച ജെ.സി. ഡാനിയലിനു മലയാള സിനിമയുടെ പിതാവ് എന്ന ബഹുമതി നേടിക്കൊടുത്തതു മലയാള സിനിമയെ ആത്മാർഥമായി സ്നേഹിക്കുന്ന നിരവധിയാളുകളുടെ പോരാട്ടങ്ങൾക്കൊടുവിലായിരുന്നു. കാലം അദ്ദേഹത്തിന് ഈ ബഹുമതി നൽകിയെങ്കിലും ഇന്നും അദ്ദേഹം മലയാളിയോ എന്ന സംശയത്തിന്റെ നിഴലുകൾ പലരും ഉയർത്തിയിരുന്നു. ഇതിനു പരിഹാരത്തിനായി ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ ജനറൽ സെക്രട്ടറി അനസ്ബിയും അഡ്മിനിസ്ട്രേറ്റർ സോന എസ്. നായരും കുറെ നാളായി ശ്രമിച്ചു വരുകയായിരുന്നു. ഒടുവിൽ ഇരുവരും ജെ.സി. ഡാനിയേലിന്റെ പിതാവ് ജ്ഞാനഭരണം ജോസഫ് ഡാനിയേലിന്റെ പിതാവ് ജെ.എൻ.ഡാനിയേലിന്റെ ശവക്കല്ലറ ചങ്ങനാശേരിയിലെ പുരാതനമായ സിഎസ്ഐ പള്ളിയിൽ കണ്ടെത്തുകയായിരുന്നു. ആരെന്നറിയാതെ പൊളിച്ചു മാറ്റാനിരുന്ന നാലു കല്ലറകൾ പള്ളിയുടെ പുനരുദ്ധാരണ സമയത്തു മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചിരുന്നു.
ഈ നാലു കല്ലറകളിലൊന്നായിരുന്നു ജെ.എൻ.ഡാനിയേലിന്റേത്. കല്ലറയുടെ സ്ലാബിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്. “”ഇൻ ലവിംഗ് മെമ്മറി ആൻഡ് ജെ.എൻ ഡാനിയൽ. ഹെഡ്മാസ്റ്റർ ആൻഡ് ട്രാവൻകൂർ എഡ്യൂക്കേഷൻ ഡിപ്പോ”. 44 വർഷത്തെ സേവനത്തിനു ശേഷം ചങ്ങനാശേരിയിൽ 1915 ഫെബ്രുവരി 25ന് മരണപ്പെട്ടു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു കണ്ടെത്തിയതോടെ കുടുംബാംഗങ്ങളുമായി ഇന്നലെ ഫൗണ്ടേഷൻ പ്രതിനിധികൾ കല്ലറ സന്ദർശിച്ചു.