ഹൂസ്റ്റൺ: അമേരിക്കൻ മണ്ണിലെ മലയാളി വിശ്വാസസമൂഹത്തിന് പുത്തൻ ആത്മീയ ഉണർവ് പകരാൻ കുടുംബവിശുദ്ധീകരണ ധ്യാനം. നവംബർ 14 മുതൽ 17 വരെ ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ നടക്കുന്ന ധ്യാനം നയിക്കുന്നത് പ്രശസ്ത വചനപ്രഘോഷകനും മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫിലോകാലിയ റിട്രീറ്റ് ഡയറക്ടറുമായ ഡോ. മാരിയോ ജോസഫ് ആണ്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം ആറു മുതൽ രാത്രി പത്തുവരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലുവരെയുമാണ് ധ്യാനം നടക്കുന്നത്. ധ്യാനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, സഹവികാരി ഫാ. രാജീവ് വലിയവീട്ടിൽ എന്നിവർ അറിയിച്ചു. ഈ കാലഘട്ടത്തിന്‍റെ ആവശ്യമായ, വചനത്തില്‍ അധിഷ്ഠിതമായ കുടുംബവിശുദ്ധീകരണം ലക്ഷ്യമാക്കിയുള്ള ഈ ധ്യാനം വിശ്വാസികൾക്ക് ഒരു പുത്തൻ അനുഭവമാകും. ക്രിസ്തുവിനെ കുടുംബത്തിന്‍റെ നാഥനായി പ്രതിഷ്ഠിക്കുവാനും പൂർവികരിലൂടെ ലഭിച്ച വിശ്വാസ പുതുതലമുറയ്ക്കു പകർന്നുനല്കാനും കുടുംബവിശുദ്ധീകരണ ധ്യാനം സഹായകമാകും.

ക്രിസ്തുമതത്തിൽ ആകൃഷ്ടനായി ഇസ്‌ലാം മതം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായ ഡോ. മരിയോ ജോസഫ് ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന വചനപ്രഘോഷകനാണ്. ഖുറാനിൽ നിന്ന് അറിഞ്ഞ യേശുക്രിസ്തുവിനെ തേടിയുള്ള അദ്ദേഹത്തിന്‍റെ യാത്ര അദ്ദേഹത്തെ ക്രിസ്തുവിലേക്ക് അടുപ്പിക്കുകയായിരുന്നു. പരിശുദ്ധ മാതാവിന്‍റെയും യൗസേപ്പിതാവിന്‍റെയും പേരുകളാണ് ചേർത്താണ് അദ്ദേഹം മാരിയോ ജോസഫ് എന്ന പേര് സ്വീകരിച്ചത്. താൻ തിരിച്ചറിഞ്ഞ ക്രിസ്തുവിന്‍റെ വചനം ഇന്ന് ലോകത്തിനു മുന്നിൽ ഉറക്കെ പ്രഘോഷിക്കുകയാണ് ഡോ. മാരിയോ ജോസഫ്.

ധ്യാനത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക. ഫോൺ: 518-253-7227 (ജോജി ജോസ്), 409-748-9710 (ജോസ് കണ്ടത്തിപ്പറമ്പിൽ), 832-620-7417 (സണ്ണി ടോം), 713-498-5707 (തരുൺ മത്തായി)