തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി ചിത്രം ഇന്ന് തെളിയും. സിപിഎം ജില്ലാ നേതൃത്വം സ്ഥാനാര്‍ത്ഥിയായി കെ ശ്രീകുമാറിനെ നിശ്ചയിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരമാണ് ഇനിയുള്ള കടമ്ബ. യുഡിഎഫും ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. നാളെയാണ് മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക.

നൂല്‍പാലത്തിലൂടെ സിപിഎം ഭരിച്ച തിരുവനന്തപുരം നഗരസഭയില്‍ വി കെ പ്രശാന്തിന്‍റെ
പിന്‍ഗാമിയാരെന്നറിയാന്‍ ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചാക്ക കൗണ്‍സിലറും ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെ ശ്രീകുമാറിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു. സിപിഎം സംസ്ഥാന നേതൃത്വം തീരുമാനത്തിന് ഇന്ന് അംഗീകാരം നല്‍കും.

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. പേട്ട കൗണ്‍‍സിലര്‍ ഡി അനില്‍കുമാറിനാണ് സാധ്യത കൂടുതല്‍. ബിജെപി സ്ഥാനാര്‍ത്ഥിയായി നേമം കൗണ്‍സിലര്‍ എം ആര്‍ ഗോപനെയും നിശ്ചയിച്ചു. വട്ടിയൂര്‍ക്കാവ് എംഎല്‍എയായ ശേഷം വി കെ പ്രശാന്ത് മേയര്‍ പദവി രാജിവെച്ചതോടെയാണ് നഗരസഭയില്‍ ബലപരീക്ഷണത്തിന് കളമൊരുങ്ങിയത്.

Dailyhunt