കോട്ടയം: ജില്ലയില്‍ രണ്ടിടത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കുരിശടിക്ക് നേരേ ആക്രമണം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആസ്ഥാനമായ ദേവലോകം അരമനയുടെ സമീപത്തെ കുരിശടിക്ക് നേരേയും അമയന്നൂര്‍ തൂത്തൂട്ടി ഗ്രിഗോറിയസ് ചാപ്പലിന് നേരേയുമാണ് കല്ലേറുണ്ടായത്. കല്ലേറില്‍ കുരിശടിയുടെ ചില്ലുകള്‍ തകര്‍ന്നു.

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ദേവലോകം അരമനയ്ക്ക് സമീപം വളവിലായി സ്ഥിതിചെയ്യുന്ന കുരിശടിക്ക് നേരേയാണ് ആദ്യം ആക്രമണമുണ്ടായത്. കല്ലേറില്‍ കുരിശടിയുടെ ചില്ലുകള്‍ തകര്‍ന്നുവീണു. ഇതിനുപിന്നാലെയാണ് അമയന്നൂരിലെ ഗ്രിഗോറിയസ് ചാപ്പലിന് നേരെയും കല്ലേറുണ്ടായത്. ആക്രമണത്തില്‍ പരുമല തിരുമേനിയുടെ ചിത്രത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ചില്ലുവാതിലുകളും തകര്‍ന്നു.

സംഭവത്തിന് പിന്നില്‍ സാമൂഹികവിരുദ്ധരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന സമയമായതിനാല്‍ ഇതുമായി ബന്ധമുണ്ടോ എന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.