ചെന്നൈ: മലയാളിയായ മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍.ശേഷന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ജനാധിപത്യത്തെ കൂടുതല്‍ ശക്തമാക്കിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘അദ്ദേഹം വളരെ ഉത്സാഹത്തോടെയും സമഗ്രതയോടെയും ഇന്ത്യയെ സേവിച്ചു. തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ നമ്മുടെ ജനാധിപത്യത്തെ ശക്തവും കൂടുതല്‍ പങ്കാളിത്തവുമാക്കി മാറ്റി. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ വേദനയുളവാക്കുന്നു’ -മോദി ട്വീറ്ററില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ടി.എന്‍ ശേഷന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ‘രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ മാറ്റിയെടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചത് ടി.എന്‍ ശേഷനാണ്. ജനാധിപത്യത്തിനുള്ള വെളിച്ചമായി അദ്ദേഹത്തെ എന്നും രാജ്യം ഓര്‍ക്കും’- അമിത്ഷാ ട്വീറ്റ് ചെയ്തു.

ഇന്നലെ രാത്രി ചെന്നൈയിലെ വസതിയിലായിരുന്നു ടി.എന്‍ ശേഷന്റെ അന്ത്യം. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചൈന്നെയിലെ ബസന്ത് നഗര്‍ ശ്മശാനത്തിലാണ് സംസാകാര ചടങ്ങുകള്‍ നടക്കുക. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ നടക്കുമ്ബോള്‍ ഉണ്ടാകുന്ന അധിക ചെലവിനും അഴിമതിക്കും,​ ജനങ്ങളെ കാരണമില്ലാതെ ഉപദ്രവിക്കുന്നതിനും എതിരെ ടി.എന്‍. ശേഷന്‍ സ്വീകരിച്ചിരുന്ന നിലപാടുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1990 ഡിസംബര്‍ 12നാണ് അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്. 1996 ഡിസംബര്‍ 11 വരെ ആ പദവിയില്‍ തുടര്‍ന്നു.

1932ല്‍ പാലക്കാട് ജില്ലയിലെ തിരുന്നെല്ലായി എന്ന ദേശത്താണ് ജനനം. ബേസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് വിക്ടോറിയ കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1955 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഐ.എ.എസ് ലഭിച്ച ശേഷം ഫെല്ലോഷിപ്പ് നേടി ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്നു. പരേതയായ ജയലക്ഷ്മിയാണ് ഭാര്യ. മക്കളില്ല.