ദില്ലി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിഎന്‍ ശേഷന്‍റെ നിര്യാണത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. തികഞ്ഞ ആത്മാര്‍ത്ഥതയോടും സമഗ്രതയോടും കൂടിയാണ് അദ്ദേഹം രാജ്യത്തെ സേവിച്ചതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ടിഎന്‍ ശേഷന്‍റെ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തവും കൂടുതല്‍ പങ്കാളിത്തവുമുള്ളതാക്കി മാറ്റി. അദ്ദേഹത്തിന്‍റെ വേര്‍പാട് വേദനയുളവാക്കുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പരിഷ്കരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഏറ്റഴും വലിയ പങ്കുവഹിച്ചത് ടിഎന്‍ ശേഷനാണെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുസ്മരണം. ജനാധിപത്യത്തിലേക്കുള്ള വെളിച്ചമായി അദ്ദേഹത്തെ രാജ്യം എന്നും ഒര്‍ക്കും. അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം തന്‍റെ പ്രാര്‍ത്ഥനകള്‍ ഉണ്ടെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച്ച രാത്രി ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു ടിഎന്‍ ശേഷന്‍ അന്തരിച്ചത്. . വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. 90കളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രഗത്ഭനായ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു മലയാളികളുടെ അഭിമാനമായ ടിഎന്‍ ശേഷന്‍.

തമിഴ്നാട് കേഡറില്‍ നിന്ന് 1955 ഐഎഎസ് ബാച്ചില്‍ പഠിച്ചിറങ്ങിയ ഇദ്ദേഹം 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. ഏഷ്യയുടെ നോബല്‍ എന്നറിയപ്പെടുന്ന രമണ്‍ മാഗ്സസെ അവാര്‍ഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം. തിരഞ്ഞെടുപ്പ് പ്രകിയ സുതാര്യമാക്കിയതിനാണ് അദ്ദേഹത്തിന് പ്രസ്തുുത ബഹുമതി ലഭിച്ചത്.