മാവോവാദി ബന്ധം ആരോപിച്ച്‌ കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തവരില്‍ താഹ ഫസലിന്റെ ലാപ്‌ടോപ്പില്‍ മാവോവാദി ബന്ധം സാധൂകരിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. മാവോവാദി ഭരണഘടന, മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോ തുടങ്ങിയവയുടെ ഡിജിറ്റല്‍ തെളിവുകളാണ് പൊലീസിനു ലഭിച്ചത്. ഇതോടെ പൊലീസിന്റെ വാദത്തിനു കൂടുതല്‍ ശക്തിപകരുകയാണ്.

പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം അന്വേഷണസംഘം ഈ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കും. ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. റിമാന്‍ഡിലുള്ള അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരോടൊപ്പമുണ്ടായിരുന്ന, രക്ഷപെട്ട മൂന്നാമനെ കുറിച്ചും അന്വേഷിക്കണമെന്ന് കസ്റ്റഡി അപേക്ഷയില്‍ ഉന്നയിക്കും.

യു.എ.പി.എ. കേസില്‍ അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.