ബാലരാമപുരം :പട്ടാപ്പകല്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അമ്മയുടെയും മകളുടെയും മാല കവര്‍ന്നു.തിരുവനന്തപുരം നേമം മൊട്ടമൂട് ഗാന്ധിനഗര്‍ അയണിയറത്തലയ്ക്കല്‍ പുത്തന്‍വീട്ടില്‍ അനില്‍കുമാറിന്റെ വീട്ടിലാണ് സംഭവം. അനില്‍കുമാറിന്റെ ഭാര്യ ജയശ്രീ, മകള്‍ എംഎ വിദ്യാര്‍ഥിനി അനിജ എന്നിവരുടെ മാലയാണ് അക്രമി കവര്‍ന്നത്.

ശനിയാഴ്‌ച പകല്‍ 12നാണ്‌ സംഭവം. ബൈക്ക്‌ വീട്ടുമുറ്റത്തേക്ക്‌ കയറ്റിവയ്‌ക്കാന്‍ അനുവാദം ചോദിച്ചാണ്‌ അക്രമി വീട്ടിലെത്തിയത്. എന്നാല്‍, ഇത്‌ നിഷേധിച്ചതോടെ പിന്‍വാതിലിലൂടെ വീട്ടില്‍ കയറി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ഇയാള്‍ ആദ്യം ജയശ്രീയുടെ മാല പൊട്ടിച്ചെടുത്തു. തുടര്‍ന്ന്‌ അനിജയുടെ മാലപൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജയശ്രീ ഇയാളുടെ കൈയിലിരുന്ന മാല പിടിച്ചുവലിച്ചു.

ഇതിനിടെ ഒരു കഷണം പൊട്ടി താഴെവീണു. പിടിവലിക്കിടെ അനിജയുടെ താലിയും ഇളകിവീണു. ജയശ്രീയുടെയും അനിജയുടെയും നിലവിളികേട്ട്‌ നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഇയാള്‍ രക്ഷപെട്ടു. അക്രമി ആന്ധ്രാ രാജേഷ്‌ എന്ന രാജേഷ്‌ ആണെന്ന്‌ പൊലീസ്‌ പറഞ്ഞു. വീട്ടുമുറ്റത്ത്‌ കാറിടാന്‍ അനുവാദം ചോദിച്ച്‌ വെള്ളിയാഴ്‌ചയും ഇയാള്‍ എത്തിയിരുന്നു. രാജേഷിനെതിരെ ബാലരാമപുരം സ്റ്റേഷനില്‍ പണംതട്ടിപ്പിന് കേസുള്ളതായി പൊലീസ് പറഞ്ഞു. ഏഴ്‌ പവനോളം നഷ്ടപ്പെട്ടതായി കരുതുന്നു.