ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ചരിത്രവിധിക്ക് പിന്നാലെ ഏകീകൃത സിവില്‍ കോഡിന് സമയമായെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ പറ്റിയ സമയം ഇതാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നവംബര്‍ 15 ന് വാദം കേള്‍ക്കും.

അയോധ്യ കേസിലെ വിധി ചരിത്രപ്രധാനമാണെന്നും ഈ വിധി എല്ലാ മതങ്ങളും ഒന്നാണ് എന്ന ബോധം ശക്തപ്പെടുത്തുമെന്നും ആളുകള്‍ തമ്മിലുള്ള പരസ്പരബന്ധം മെച്ചപ്പെടുത്തുമെന്നും അയോധ്യ വിധിക്ക് പിന്നാലെ രാജ്‌നാഥ് അഭിപ്രായപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെയാണ് അയോധ്യാ കേസില്‍ വിധി വന്നത്. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും . മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി.