രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അയോധ്യ തര്‍ക്ക ഭൂമി കേസിന്റെ വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. വര്‍ഷങ്ങളായി പ്രാര്‍ഥന നടത്തിയിരുന്ന പള്ളി നിലനിന്നിരുന്ന പ്രദേശത്തിന്റെ അവകാശം തങ്ങള്‍ക്ക് ലഭിക്കണമെന്നായിരുന്നു ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡിന്റെ വാദം. എന്നാല്‍ ഈ വാദം തള്ളിയാണ് സുപ്രീംകോടതി തര്‍ക്ക ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്തത്.

മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കേസില്‍ തുടര്‍ച്ചയായി വാദം കേട്ട കോടതി അതിവേഗമാണ് വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടത്. വിധിയോട് മിക്ക നേതാക്കളും അനുകൂലിച്ചു. പലരും വിയോജിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുസ്ലിംകള്‍ക്ക് തര്‍ക്ക ഭൂമി വിട്ടുനല്‍കേണ്ട എന്ന തീരുമാനത്തിലെത്താന്‍ കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന ചോദ്യം ഉയരുന്നത്. വിധിയില്‍ ഇതുമായി ബന്ധപ്പെട്ട് പറയുന്ന ഭാഗങ്ങള്‍ ഇങ്ങനെയാണ്….

വിധിയിലെ പ്രസക്ത ഭാഗങ്ങള്‍

തുടര്‍ച്ചയായി വിവാദ ഭൂമി കൈവശം വയ്ക്കാനുള്ള അവകാശ രേഖ വഖഫ് ബോര്‍ഡിന്റെ പക്കലില്ല. തകര്‍ത്ത മുസ്ലിം നിര്‍മിതിക്ക് മുകളിലാണ് ബാബറി മസ്ജിദ് പണിതത് എന്ന് തെളിയിക്കുന്നതില്‍ മുസ്ലിം കക്ഷികള്‍ പരാജയപ്പെട്ടു. മുസ്ലിങ്ങള്‍ തര്‍ക്ക ഭൂമിയുടെ ഒരുഭാഗം മാത്രമാണ് പ്രാര്‍ഥനയ്ക്ക് ഉപയോഗിച്ചത്. 325 വര്‍ഷത്തോളം മുസ്ലിംകള്‍ ഇവിടെ പ്രാര്‍ഥന നടത്തിയിരുന്നില്ലെന്നും കോടതി വിധിയില്‍ പറയുന്നു.

രേഖ വഖഫ് ബോര്‍ഡിന്റെ പക്കലുണ്ടോ

തര്‍ക്ക ഭൂമി തുടര്‍ച്ചയായി കൈവശം വയ്ക്കാനുള്ളതോ കൈവശം വച്ചതോ ആയ രേഖ വഖഫ് ബോര്‍ഡിന്റെ പക്കലുണ്ടോ എന്നാണ് കോടതി പരിശോധിച്ചത്. ഈ രേഖ വഖഫ് ബോര്‍ഡിന് ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് വിധിയില്‍ പറയുന്നു. ഇവിടെ മറ്റു മതസ്ഥരം പ്രാര്‍ഥന നടത്തിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

2010ലെ വിധിയിലെ ഭാഗം ശരിവച്ചു

16ാം നൂറ്റാണ്ടില്‍ ബാബറി മസ്ജിദ് നിര്‍മിച്ചതു മുതല്‍ ഭൂമി രേഖകള്‍ തങ്ങളുടെ കൈവശമുണ്ട് എന്ന് വഖഫ് ബോര്‍ഡ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം കോടതി തള്ളി. തര്‍ക്ക ഭൂമി ഒരു ഒഴിഞ്ഞ പ്രദേശമായിരുന്നു, അവിടെ പ്രാര്‍ഥനയ്ക്ക് ആര്‍ക്കും എന്തും നിര്‍മിക്കാമായിരുന്നു എന്ന 2010ലെ ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ സുപ്രീംകോടതി ശരിവയ്ക്കുകയാണ് ചെയ്തത്.

പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍ ശരിവച്ചു

ഈദ്ഗാഹിലാണ് (മുസ്ലിങ്ങള്‍ സവിശേഷ ദിനങ്ങളില്‍ പ്രാര്‍ഥന നടത്തുന്ന സ്ഥലം) ബാബറി മസ്ജിദ് നിര്‍മിച്ചത് എന്നാണ് വഖഫ് ബോര്‍ഡ് വാദിച്ചത്. എന്നാല്‍ പുരാവസ്തു വകുപ്പ് 2003ല്‍ നല്‍കിയ രേഖ പ്രകാരം പള്ളി നിന്നിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിര്‍മിതി ഇസ്ലാമിക ഘടനയുള്ളതായിരുന്നില്ല. ഈ രേഖയാണ് സുപ്രീംകോടതി മുഖവിലക്കെടുത്തത്.

മുഴുവന്‍ പ്രാര്‍ഥനയ്ക്ക് ഉപയോഗിച്ചിരുന്നില്ല

ബാബറി മസ്ജിദ് നിലനിന്നിരുന്നതും സമീപ പ്രദേശങ്ങളും ഉള്‍പ്പെടുന്ന 2.77 ഏക്കറാണ് തര്‍ക്ക ഭൂമി. ഇതില്‍ പള്ളിയും രാമ വിഗ്രഹം സ്ഥാപിച്ച സ്ഥലവും ഉള്‍പ്പെടും. മുസ്ലിം കക്ഷികള്‍ കോടതിയില്‍ നല്‍കിയ രേഖയില്‍, തര്‍ക്ക ഭൂമി മുഴുവന്‍ പ്രാര്‍ഥനയ്ക്ക് ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

എല്ലാം വഖഫ് ഭൂമിയല്ല

എന്നാല്‍ പള്ളിയോട് ചേര്‍ന്നുള്ള സ്ഥലത്ത് രാമഭക്തര്‍ പ്രാര്‍ഥന നടത്തിയിരുന്നുവെന്ന ഹിന്ദു വിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഈ സ്ഥലം മുസ്ലിങ്ങള്‍ പ്രാര്‍ഥനയ്ക്ക് ഉപയോഗിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ തര്‍ക്ക പ്രദേശം മുഴുവന്‍ വഖഫ് ഭൂമിയാണെന്ന് പറയാന്‍ സാധിക്കില്ലെന്നും കോടതി വിധിയില്‍ പറയുന്നു.

325 വര്‍ഷം നമസ്‌കരിച്ചിരുന്നോ?

1528ലാണ് ബാബറി മസ്ജിദ് നിര്‍മിച്ചത്. അന്ന് മുതല്‍ 1856 വരെ പള്ളിയില്‍ മുസ്ലിങ്ങള്‍ നമസ്‌കരിച്ചിരുന്നുവെന്നതിന് രേഖ മുസ്ലിം കക്ഷികള്‍ ഹാജരാക്കിയില്ലെന്ന് കോടതി വിധിയില്‍ പറയുന്നു. 1949ല്‍ പള്ളി അടച്ചിടും വരെ മുസ്ലിംകള്‍ പ്രാര്‍ഥന നടത്തിയിരുന്നുവെന്നാണ് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി വാദിച്ചിരുന്നു.

ഹിന്ദുക്കള്‍ പ്രാര്‍ഥന നടത്തിയിരുന്നു

ഹിന്ദുക്കള്‍ 1856ന് മുമ്പും ശേഷവും പ്രാര്‍ഥന നടത്തിയതിന് തെളിവുണ്ട്. ബ്രിട്ടീഷുകാര്‍ മതില്‍ പണിതതിന് ശേഷവും ഹൈന്ദവ ആഘോഷങ്ങള്‍ ഇവിടെ നടന്നിരുന്നു. പള്ളിയുടെ മിനാരങ്ങളുടെ ഭാഗത്തേക്ക് നോക്കി അവര്‍ പ്രാര്‍ഥന നടത്തിയിരുന്നു. അവിടെയാണ് രാമന്‍ ജനിച്ചത് എന്നാണ് ഹൈന്ദവ വിശ്വസം. അതുകൊണ്ടുതന്നെ പള്ളിക്ക് അകത്തെ ഭാഗങ്ങളും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.