തിരുവനന്തപുരം: കിഫ്ബിയിൽ തുറന്നുപോരുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കിഫ്ബിയെ ഏൽപ്പിച്ച റോഡുകളുടെ ഉത്തരവാദിത്തം പിഡബ്ല്യൂഡിക്കില്ലെന്നും റോഡുകളെക്കുറിച്ച് പരാതി കേൾക്കേണ്ടിവരുന്നതു പൊതുമരാമത്ത് വകുപ്പാണെന്നും സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.
കിഫ്ബിയെ ഏൽപ്പിച്ച റോഡുകളുടെ ഉത്തരവാദിത്തം പിഡബ്ല്യൂഡിക്കില്ല. പദ്ധതികളുടെ പണം ചെലവഴിക്കൽ, ടെൻഡർ തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാമെടുക്കുന്നതു കിഫ്ബിയാണ്. എന്നാൽ റോഡ് പണിക്ക് ആവശ്യമായ പണം പിഡബ്ല്യൂഡിക്ക് ധനവകുപ്പിൽനിന്നു ലഭിക്കുന്നില്ല. പിഡബ്ല്യൂഡി ഫയലുകൾ ധനവകുപ്പ് അനാവശ്യമായി പിടിച്ചുവയ്ക്കുകയാണ്. ധനമന്ത്രിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
അധിക ജോലി ഏറ്റെടുക്കുന്നതിനാൽ കിഫ്ബിയുടെ പേരിൽ പൊതുമരാമത്ത് വകുപ്പിനു പഴി കേൾക്കേണ്ടിവരുന്നു. ഇതിന്റെ ആവശ്യമില്ല. പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റോഡുകൾ കിഫ്ബി ഏറ്റെടുത്ത് നിർമാണങ്ങൾ നടത്തട്ടെ. നിലവിൽ കഐസ്ഇബിക്ക് റോഡുകൾ നൽകുന്നുണ്ട്. അതുപോലെ കിഫ്ബിയും റോഡുകൾ ഏറ്റെടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
മോശം പൈപ്പ് വാങ്ങുന്നതു കൊണ്ടാണ് റോഡുകളിൽ പൈപ്പുകൾ പൊട്ടുന്നത്. ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ ഈ സർക്കാരിനു ഭയമില്ല. ദേശീയപാതവികസനം ഈ സർക്കാരിന്റെ കാലത്ത് തീരില്ലെന്നും സുധാകരൻ പറഞ്ഞു.