തലശേരി അതിരൂപതാംഗവും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റുമായ ഫാ. തോമസ് തൈത്തോട്ടത്തിനു മോണ്‍സിഞ്ഞോർ സ്ഥാനം. ആത്മീയ-സാമൂഹ്യ-മദ്യവിരുദ്ധ രംഗങ്ങളിലെ സ്തുത്യർഹമായ സേവനങ്ങൾ പരിഗണിച്ച് “ചാപ്ലയിൻ ഓഫ് ഹിസ് ഹോളിനസ്’ എന്ന പദവിയാണു ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിനു നൽകിയിരിക്കുന്നത്. ഈ പദവി ലഭിക്കുന്ന വൈദികരെ മോണ്‍സിഞ്ഞോർ എന്നാണ് അഭിസംബോധന ചെയ്യുന്നത്.
ഈമാസം 12ന് ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടക്കുന്ന ചടങ്ങിൽ തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് അദ്ദേഹത്തെ സ്ഥാനചിഹ്നങ്ങളണിയിച്ചു മോണ്‍സിഞ്ഞോർ പദവി നൽകും.
ചങ്ങനാശേരി അതിരൂപതയിലെ ചന്പക്കുളത്ത് 1939 ജനുവരി 14ന് ഫാ. തോമസ് തൈത്തോട്ടം ജനിച്ചു. 1961 ഡിസംബർ ഒന്നിന് ബോംബെയിൽ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിനിടയിൽ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. മദ്യവിപത്തിനെതിരേ 1978 മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ആരംഭിച്ച മദ്യവിരുദ്ധപ്രസ്ഥാനത്തിന്റെ പ്രഥമ ഡയറക്ടറായി ഫാ. തോമസ് തൈത്തോട്ടം നിയമിതനായി. അദ്ദേഹം ആരംഭിച്ച പ്രതീക്ഷ മദ്യപാന രോഗചികിത്സാകേന്ദ്രം മദ്യത്തിന് അടിമകളായിരുന്ന ആയിരക്കണക്കിന് ആളുകൾക്കു മോചനം നൽകി. കെസിബിസി മദ്യവിരുദ്ധസമിതിക്കുപുറമേ കുട്ടികൾക്കുവേണ്ടി ആന്റി ഡ്രഗ് സ്റ്റുഡന്റ്സ് യൂണിയൻ, മദ്യത്തിനെതിരേയുള്ള സ്ത്രീകളുടെ കൂട്ടായ്മ മുക്തിശ്രീ എന്നീ സംഘടനകൾക്ക് അദ്ദേഹം രൂപം നൽകി.
ആത്മീയരംഗത്തും സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹം കഴിഞ്ഞ മേയ് മുതൽ സജീവ സേവനരംഗത്തുനിന്നു വിരമിച്ച് കരുവഞ്ചാൽ ശാന്തിഭവനിൽ വിശ്രമജീവിതം നയിച്ചുവരികയാണ്.