പാലക്കാട്:അട്ടപ്പാടി മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ട് മാവോവാദികളെ തമിഴ്‌നാട് പോലീസിന്റെപ്രത്യേക ദൗത്യസേന(എസ്.ടി.എഫ്.) പിടികൂടി. മാവോവാദികള്‍ക്ക് ആയുധപരിശീലനം നല്‍കിയിരുന്ന ദീപക് (ചന്ദു), ശ്രീമതി എന്നിവരെയാണ് കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍നിന്ന് തമിഴ്‌നാട് പോലീസ് പിടികൂടിയത്.

കഴിഞ്ഞമാസം മഞ്ചക്കണ്ടി വനമേഖലയില്‍ ഏറ്റുമുട്ടല്‍ നടന്ന സമയത്ത് ഇവര്‍ രണ്ടുപേരും അവിടെയുണ്ടായിരുന്നു. ഛത്തീസ്ഗഢ് സ്വദേശിയാണ് ദീപക്. പശ്ചിമഘട്ട മേഖലയിലെ മാവോവാദികള്‍ക്ക്ദീപക്കാണ്ആയുധ പരിശീലനം നല്‍കിയിരുന്നത്. ദീപക് മാവോവാദികള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു.

ശ്രീമതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. ഇത് അനുസരിച്ച്‌ ശ്രീമതിയുടെ ബന്ധുക്കള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തി. എന്നാല്‍ മൃതദേഹം ശ്രീമതിയുടേതല്ലെന്ന് തിരിച്ചറിയുകയായിരുന്നു.

ശ്രീമതിയെയും ദീപക്കിനെയും എസ്.ടി.എഫ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിനു കൈമാറും. അതിനു ശേഷമേ ഇവരെ കേരളാ പോലീസിന് ലഭിക്കൂ. ഇരുവരെയും ജീവനോടെ പിടികൂടാന്‍ സാധിച്ചതിനാല്‍ ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ശേഖരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.