തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബി.ജെ.പി മുഖപത്രത്തില്‍ ലേഖനം. മാവോയിസ്റ്റുകളെ പൊലീസ് നേരിട്ട കാര്യം വിഷയമാക്കിക്കൊണ്ടുള്ള ലേഖനം ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്ന തലക്കെട്ടിലാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലേഖനത്തില്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയിട്ടുമുണ്ട്. മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയന്റെ ഭാഗത്താണ് ശരിയെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നത് കാരണമാകാം മുഖ്യമന്ത്രിക്ക് ഈ മാറ്റം സംഭവിച്ചതെന്നും ലേഖനത്തില്‍ പറയുന്നു. കെ.കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനം പത്രത്തിന്റെ ‘മറുപുറം’ എന്ന പംക്തിയിലാണ് അച്ചടിച്ച്‌ വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കകാലം പരാമര്‍ശിച്ചുകൊണ്ട് തുടങ്ങുന്ന ലേഖനത്തില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സഖ്യകക്ഷിയായ സി.പി.ഐക്കും വിമര്‍ശനമുണ്ട്.

ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍:

‘പിണറായി വിജയന്റെ തത്ത്വങ്ങളെയും നയസമീപനങ്ങളെയും പെരുമാറ്റ രീതികളെയും നിരന്തരം വിമര്‍ശിക്കുന്നയാളാണ് ഈ ലേഖകന്‍. സഖാവെന്ന നിലയിലും മന്ത്രി, മുഖ്യമന്ത്രി, പാര്‍ട്ടി നേതാവ് എന്ന നിലയിലുമുള്ള വിജയന്റെ പ്രവര്‍ത്തന രീതിയോട് ഒട്ടും മയമില്ലാതെ പ്രതികരിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് ഒരു സത്യം പറയട്ടെ. മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയനാണ് ശരി എന്ന് തോന്നിപ്പോവുകയാണ്. അഖിലേന്ത്യാതലത്തിലെ സ്രാവ് സഖാക്കള്‍ക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയാറായിരിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരായതാകാം കാരണം.’

‘പന്തീരാങ്കാവില്‍ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകള്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യം അതല്ലെ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ പോലീസിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി കാണാന്‍ പറ്റില്ലല്ലോ. മുന്‍ ജനറല്‍ സെക്രട്ടറിയും പിബി മെമ്ബര്‍മാരും യു.എ.പി.എ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്ബോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതുകൊണ്ടാണ് ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ ഓഫര്‍ ചെയ്യാന്‍ തോന്നിയത്.’

‘മാവോവേട്ടകളിലെ കപടവേഷം അണിഞ്ഞാടുന്നവരാണ് സി.പി.ഐയും കോണ്‍ഗ്രസും. അട്ടപ്പാടിയിലെ വേട്ടയില്‍ 4 പേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നാണ് സി.പി.ഐ പറയുന്നത്. കോണ്‍ഗ്രസ് അത് ഏറ്റുപാടുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം മാവോയിസ്റ്റുകള്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന നിലപാടുകാരാണ്. ഏതായാലും ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവയ്ക്കാം ഒരു ബിഗ് സല്യൂട്ട്.’