ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായാണ് അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വിധി പറഞ്ഞത്. എന്നാല്‍ വിധിപ്പകര്‍പ്പ് പുറത്ത് വന്നതിന് ശേഷം നിയമവൃത്തങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്ന ഒരു പ്രധാന ചോദ്യം ആരാണ് അയോധ്യ കേസിലെ വിധിയെഴുതിയ ജഡ്ജ് എന്നാണ്. അതാരാണെന്ന് സുപ്രീം കോടതി വെളിപ്പെടുത്തിയിട്ടില്ല. സുപ്രധാന കേസുകളില്‍ വിധിന്യായം എഴുതിയ ജഡ്ജ് ആരെന്ന് വെളിപ്പെടുത്താതിരിക്കുന്ന പതിവില്ല എന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഏകകണ്ഠമായ വിധിയും അതിനോട് ചേര്‍ന്ന് ഹൈന്ദവ വിശ്വാസ പ്രകാരം എങ്ങനെ തര്‍ക്കഭൂമി രാമജന്മഭൂമിയാകുന്നു എന്ന് വിശദീകരിക്കുന്ന അനുബന്ധവും ആരെഴുതി എന്നത് സുപ്രീം കോടതി വിധി ന്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1045 പേജ് അടങ്ങുന്നതാണ് അയോധ്യ കേസിലെ സമ്ബൂര്‍ണ വിധിന്യായം.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ നിയുക്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡോ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇവരില്‍ ആരാണ് വിധി എഴുതിയത് എന്ന് രഹസ്യമായി തുടരുന്നത് നിയമവൃത്തങ്ങളെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ആരാണ് വിധി എഴുതിയത് എന്ന് വിധിന്യായത്തില്‍ പറയാത്തത് അസ്വാഭാവികമാണ് എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരിക്കുന്നത്. സാധാരണ അക്കാര്യം വെളിപ്പെടുത്താറുണ്ട്. ആരാണ് അനുബന്ധം എഴുതിയത് എന്നതും വ്യക്തമല്ല. ഇത് പതിവില്ലാത്തതാണ് എന്നും യെച്ചൂരി പ്രതികരിച്ചു. വിധി എഴുതിയ ആളുടെ പേര് തുടക്കത്തിലും മറ്റ് ജഡ്ജിമാരുടെ പേര് അവസാനവും എഴുതുകയാണ് പതിവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അയോധ്യ കേസില്‍ ഒന്നിലധികം പേര്‍ ചേര്‍ന്ന് എഴുതിയത് കൊണ്ടാവാം ഒരാളുടെ പേര് പറയാത്തത് എന്നും നിയമ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.