ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീം കോടതി വിധി പൂര്‍ണ മനസോടെ സ്വീകരിച്ചത് ജനങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സമൂഹത്തിന്റെ വിവിധ തുറകളും എല്ലാ മതവിഭാഗങ്ങളും സുപ്രീം കോടതി വിധിയെ സ്വാഗതംചെയ്തു. ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും തലമുറകളായ നിലനില്‍ക്കുന്ന ഒത്തൊരുമയുടെയും തെളിവാണത്.

വാദം കേള്‍ക്കലിനിടെ സുപ്രീം കോടതി എല്ലാ വിഭാഗങ്ങളുടെയും വാദഗതികള്‍ ക്ഷമയോടെ പരിഗണിച്ചു. എല്ലാവരുടെയും അംഗീകാരത്തോടെയാണ് കോടതിയുടെ തീരുമാനം വന്നിട്ടുള്ളത് എന്നത് ആഹ്ലാദകരമാണ്. അയോധ്യ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കണമെന്നത് രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമായിരുന്നു. അക്കാര്യം അംഗീകരിക്കപ്പെട്ടതോടെ പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന കേസില്‍ ഒടുവില്‍ അന്തിമ തീരുമാനമുണ്ടായി. ഭയത്തിനും വിദ്വേഷത്തിനും നിഷേധാത്മകതയ്ക്കും ആധുനിക ഇന്ത്യയില്‍ സ്ഥാനമില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

കര്‍താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം ചെയ്യപ്പെട്ടതും അയോധ്യ കേസില്‍ സുപ്രധാന വിധി വന്നതും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതി ബര്‍ലിന്‍ മതില്‍ തകര്‍ന്നതിന്റെ വാര്‍ഷിക ദിനത്തിലാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സഹകരണത്തിന് വാതില്‍ തുറക്കുന്നതാണ് കര്‍താര്‍പുര്‍ ഇടനാഴി. അയോധ്യ കേസിലെ വിധികൂടി നവംബര്‍ ഒമ്ബതിന് വന്നത് ഒത്തൊരുമയോടെ മുന്നോട്ടു പോകണമെന്ന സന്ദേശമാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.