ന്യൂഡല്‍ഹി ∙ അയോധ്യ ഭൂമി കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ വിധി തെറ്റെന്നു സുപ്രീംകോടതി വിധിച്ചു. അയോധ്യയില്‍ ഹിന്ദുകക്ഷികളുടെ വാദങ്ങള്‍ കൂടുതല്‍ ബലവത്താണെന്നാണ് വിധി.
പകരം മുസ്ലീങ്ങള്‍ക്ക് വേറെ 5 ഏക്കര്‍ ഭൂമി നല്‍കണം എന്ന വിലയിരുത്തലാണ് വിധിയിലുള്ളത്. ഭൂമി മൂന്നായി വിഭജിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കി . മുസ്ലീംങ്ങള്‍ക്ക് പകരം അഞ്ചേക്കര്‍ ഭൂമി വേറെ നല്‍കണം.
അയോധ്യ തര്‍ക്ക ഭൂമിയില്‍ അവകാശവാദമുന്നയിച്ച ഒരു കക്ഷിക്കും ഭൂമി വിട്ടു കൊടുക്കാതെയാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. പകരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു ട്രസ്റ്റ് ആണ് ഭൂമിയുടെ അവകാശം കൈയ്യാളുക. വിധി മുസ്ലിംങ്ങള്‍ക്ക് ആരാധന നടത്താന്‍ സ്ഥലം അനുവദിക്കാനും കോടതി ഉത്തരവിട്ടു.
ലക്നൗ ഹൈക്കോടതി വിധി ഇങ്ങനെയായിരുന്നു
ലക്നൗ ബെഞ്ചിലെ ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാന്‍, സുധീര്‍ അഗര്‍വാള്‍, ധരംവീര്‍ ശര്‍മ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് 2010 സെപ്റ്റംബര്‍ 30ന് വിധി പറഞ്ഞത്. മൂന്നു പേരും എഴുതിയതു വെവ്വേറെ വിധിന്യായങ്ങള്‍. മൊത്തം 8189 പേജ്. 4 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
ഭൂമി മൂന്നായി വിഭജിക്കണമെന്നു ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാന്‍, സുധീര്‍ അഗര്‍വാളും വിധിച്ചപ്പോള്‍, ഭൂമി മുഴുവനും ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതെന്നു ജസ്റ്റിസ് ധരംവീര്‍ ശര്‍മ വിധിച്ചു. ഫലത്തില്‍, ഭൂമി വിഭജിക്കണമെന്നതു ഭൂരിപക്ഷ വിധിയായി.
വിഭജനം നടത്തുമ്ബോള്‍, ഇപ്പോള്‍ താല്‍ക്കാലിക ക്ഷേത്രമുള്ളതും വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതുമായ സ്ഥലം ഹിന്ദുക്കള്‍ക്കും രാമ ഛബൂത്ര, സീതയുടെ അടുക്കള (സീത രസോയി) തുടങ്ങിയവ നിര്‍മോഹി അഖാഡയ്ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. വൈഷ്ണവ സമ്ബ്രദായം പിന്തുടരുന്ന സന്യാസി വിഭാഗമാണു നിര്‍മോഹി അഖാഡ.
പട്ടയ അവകാശം സ്ഥാപിക്കാന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. രേഖകളുടെ അടിസ്ഥാനത്തിലല്ല, രേഖകളില്ലായ്മയുടെ പേരിലാണു ഭൂമി മൂന്നായി വിഭജിക്കാന്‍ നിര്‍ദേശിക്കുന്നതെന്നും കോടതി സൂചിപ്പിച്ചു.
മസ്ജിദിന്റെ ചുറ്റുമതിലിനുള്ളില്‍ ഹൈന്ദവ ആരാധനാ സ്ഥലവും നിലനിന്നുവെന്നതും രണ്ടിടത്തും പ്രാര്‍ഥന നടന്നുവെന്നതും സവിശേഷവും അപൂര്‍വവുമായ സ്ഥിതിവിശേഷമാണെന്നു ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഖാന്‍ നിരീക്ഷിച്ചിരുന്നു. വിഗ്രഹങ്ങള്‍ ഇപ്പോഴത്തെ സ്ഥാനത്തു നിന്നു മാറ്റരുതെന്ന് ഇദ്ദേഹവും ജസ്റ്റിസ് അഗര്‍വാളും വ്യക്തമാക്കി.
മധ്യതാഴികക്കുടം നിലനിന്നിടം ശ്രീരാമ ജന്മസ്ഥാനമെന്നതു ഹൈന്ദവ വിശ്വാസമാണെന്നും ഇടപെടല്‍ പാടില്ലെന്നും ജസ്റ്റിസ് അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു. ഈ സ്ഥാനത്തു തന്നെയാണു രാമന്റെ ജന്മമെന്നു മസ്ജിദ് നിര്‍മാണശേഷം ഹിന്ദുക്കള്‍ വിശ്വസിക്കുന്നുവെന്നു ജസ്റ്റിസ് ഖാന്‍ വ്യക്തമാക്കിയപ്പോള്‍, ഇതുതന്നെയാണു ജന്മസ്ഥാനമെന്നു ജസ്റ്റിസ് ശര്‍മ തീര്‍ത്തുപറഞ്ഞു.
മസ്ജിദ് നിര്‍മിച്ചതു മുഗള്‍ ചക്രവര്‍ത്തി ബാബറാണെന്നു ജഡ്ജിമാരായ ഖാനും ശര്‍മയും നിരീക്ഷിച്ചു. ക്ഷേത്രം തകര്‍ത്തിട്ടല്ല, ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മുകളിലാണു പള്ളി നിര്‍മിച്ചതെന്നു ജസ്റ്റിസ് ഖാന്‍ പറഞ്ഞപ്പോള്‍, ക്ഷേത്രം തകര്‍ത്തായിരുന്നു നിര്‍മാണമെന്നു മറ്റു രണ്ടു പേരും വിലയിരുത്തി.
മാലാഖമാര്‍ വിഹരിക്കാന്‍ ഭയപ്പെടുന്നതും കുഴിബോംബുകള്‍ നിറഞ്ഞതുമായ ഒരു തുണ്ടു ഭൂമിയെ ശുദ്ധീകരിക്കാനാണു തങ്ങളുടെ ശ്രമമെന്നാണു വിധിന്യായത്തിന്റെ ആമുഖത്തില്‍ ജസ്റ്റിസ് ഖാന്‍ എഴുതിയത്. രമ്യതയുടെ പാതയിലേക്കു വഴി നടത്താനുള്ളതാണ് കോടതിയുടെ ശ്രമമെന്നും ജസ്റ്റിസ് ഖാന്‍ സൂചിപ്പിച്ചു.
തര്‍ക്കഭൂമിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) നടത്തിയ ഉത്ഖനനം സുപ്രീം കോടതിയിലെ വാദത്തിനിടെ ഏറെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ ജസ്റ്റിസ് ശര്‍മ മാത്രമാണ് എഎസ്‌ഐയുടെ റിപ്പോര്‍ട്ടിന് കാര്യമായ വിലകല്‍പിച്ചത്.