കോഴിക്കോട്: പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ അറസ്റ്റ് ചെയ്ത കേസില്‍ അലന്‍ ഷുഹൈബിന്റേയും താഹാ ഫസലിന്റേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബര്‍ 14ലേക്ക് മാറ്റി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ മാറ്റിയത്.

രണ്ടു ജാമ്യ ഹര്‍ജിയും ഇന്നുതന്നെ പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നും പോലിസില്‍ നിന്നും വിശദീകരണ ചോദിച്ച കോടതി 14ാം തിയതിയിലേക്ക് ഹര്‍ജി പരിഗിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.

മാവോവാദ ബന്ധം തെളിയിക്കുന്ന ഒരു രേഖയും പോലീസിന്റെ പക്കലില്ലെന്ന് ഹരജിക്കാര്‍ കോടതിയില്‍ പറഞ്ഞു. നിയമ വിദ്യാര്‍ഥിയാണെന്നും തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. തന്റെ വീട്ടില്‍ നിന്ന് ഒരു ഫോണ്‍ മാത്രമാണ് പോലീസ് കണ്ടെടുത്തത്. അത് മാവോവാദി ബന്ധം തെളിയിക്കാനുള്ള ഒരു രേഖയല്ലെന്നും അലന്റെ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

പിടിയിലാകുമ്ബോള്‍ തന്നെക്കൊണ്ട് പൊലിസ് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് താഹയുടെ ജാമ്യാപേക്ഷയില്‍ പറയുന്നത്. ജേര്‍ണലിസം വിദ്യാര്‍ഥിയാണ്. ഏതെങ്കിലും തരത്തിലുള്ള പുസ്തകങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും അത് സി.പി.ഐ ( മാവോയിസ്റ്റ്) സംഘടനയില്‍ അംഗമാണെന്ന് പറയാന്‍ കഴിയില്ല എന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

അതേസമയം കേസില്‍ ഇടപെടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ യു.എ.പി.എ സമിതി തീരുമാനിക്കട്ടെ നിയമ നടപടികള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും പതികളെ തല്‍ക്കാലം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കില്ലെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുവാക്കള്‍ അറസ്റ്റിലാകുകയും യു.എ.പി.എ ചുമത്തുകയും ചെയ്ത സാഹചര്യം വളരെ ഗുരുതരമാണെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി.