കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി സിഎഫ് തോമസിനെ തിരഞ്ഞെടുക്കാന്‍ ജോസഫ് വിഭാഗത്തിന്‍റെ നീക്കം. സിഎഫ് തോമസിനെ ചെയര്‍മാനാക്കുന്നതിനോടൊപ്പം തന്നെ സംസ്ഥാന ജോസ് കെ മാണി വിഭാഗത്തെ പിന്തുണയ്ക്കുന്നവരെ വെട്ടിനിരത്തി സംസ്ഥാന കമ്മറ്റി വിപിലീകരിക്കുകയും ചെയ്യും. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ള നേതാക്കളെ പങ്കെടുപ്പിച്ച്‌ ജോസഫ് വിഭാഗം കോട്ടയത്ത് യോഗം ചേര്‍ന്നത്.

വര്‍ക്കിങ് ചെയര്‍മാനായ പിജെ ജോസഫ് സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നതിനെതിരെ ജോസ് കെ മാണി വിഭാഗം കോടതിയില്‍ ഹര്‍ജി നല്‍കിയുന്നു. ഈ കേസില്‍ ഈ മാസം 23 ന് വഞ്ചിയൂര്‍ കോടതി അന്തിമ വിധി പറയും. ഈ വിധിക്ക് ശേഷമാവും പുതിയ ചെയര്‍മാനെ പ്രഖ്യാപിക്കലും സംസ്ഥാന കമ്മറ്റി വിപുലീകരണവും.

മുമ്ബ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന സിഎഫ് തോമസിനെ വീണ്ടും ആ പദവിയില്‍ എത്തിക്കുന്നതിലൂടെ അണികളെ തനിക്ക് കീഴില്‍ ഒരുമിപ്പിച്ച്‌ നിര്‍ത്താനാണ് പിജെ ജോസഫിന്‍റെ ശ്രമം. സിഎഫ് തോമസ് ചെയര്‍മാനായാല്‍ നിലവില്‍ ജോസ് കെ മാണി പക്ഷത്തുള്ള നേതാക്കളില്‍ വലിയൊരു വിഭാഗം തങ്ങള്‍ക്കൊപ്പം ചേരുമെന്നും പിജെ ജോസഫ് വിഭാഗം പ്രതീക്ഷിക്കുന്നു.

ഈ മാസം 26-ന് മുന്‍പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയിക്കണമെന്നിരിക്കെ കൂടിയാണ് ജോസഫ് വിഭാഗത്തിന്‍റെ പുതിയ നീക്കം. ചെയര്‍മാന്‍ പദവിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കട്ടപ്പന കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അനുകൂല വിധികള്‍ ജോസഫ് വിഭാഗത്തിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.