ന്ത്യയിലെ സൂപ്പര്‍ഹീറോ സിനിമകളില്‍ വ്യത്യസ്തമായ വിജയകരമായ കഥാപാത്ര സൃഷ്ടിയായിരുന്നു രാകേഷ് റോഷന്റെ കൃഷ്. ഹൃത്വിക് റോഷന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തിയ ചിത്രം ഏറെ ആരാധകരെ നേടി, അതുകൊണ്ട് തന്നെ വിതരണക്കാര്‍ ഈ ചിത്രത്തിന്റെ അടുത്ത ഭാഗം ചെയ്യാന്‍ താല്‍പര്യവും പ്രകടിപ്പിച്ചിരുന്നു.

ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് ഈ ഘട്ടത്തില്‍ പുറത്തുവരുന്നത്. കൃഷ് 3 റിലീസ് ചെയ്തിട്ട് ആറ് വര്‍ഷം പിന്നിടുന്ന വേളയിലാണ് നാലാം ഭാഗത്തിനായി ഒരുക്കങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. 2020 ജനുവരിയില്‍ കൃഷ് 4 ഷൂട്ടിംഗ് ആരംഭിക്കും.

ഹൃത്വികിന്റെ അവസാനം ഇറങ്ങിയ രണ്ട് ചിത്രങ്ങളും വന്‍ഹിറ്റായിരുന്നു. സൂപ്പര്‍ 30, വാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നല്ല ഓഫറുകള്‍ വന്നെങ്കിലും താരം ഒന്നിലും കരാര്‍ ഒപ്പിട്ടില്ല. കൃഷ് 4 ഷൂട്ടിംഗ് ആരംഭിക്കുന്നതാണ് ഇതിന് കാരണമെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം.

ആദ്യ മൂന്ന് ഭാഗങ്ങളില്‍ നിന്നും വിഭിന്നമായ കഥയെ പ്രയോജനപ്പെടുത്താനാണ് സംവിധായകനും, നായകനും ഒരുങ്ങുന്നത്. ജനുവരി 10 ഹൃത്വികിന്റെ ജന്മദിനമാണ്, ആ ദിവസം ഷൂട്ട് ആരംഭിക്കാനാണ് നീക്കങ്ങള്‍.