ഹണ്ട്‌സ് വില്ല (ടെക്‌സസ്സ്): 20 വര്‍ഷം മുമ്പ് മെലിന ബില്‍ ഹാര്‍ട്ട്‌സ് (29) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസ്സില്‍ ടെക്‌സസ്സില്‍ നിന്നുള്ള ജസ്റ്റിന്‍ ഹാളിന്റെ (38) വധശിക്ഷ നവംബര്‍ 6 ബുധനാഴ്ച വൈകിട്ട് ഹണ്ട്‌സ്‌വില്ല ജയിലില്‍ നടപ്പാക്കി. ടെക്‌സസ്സിലെ ഈ വര്‍ഷത്തെ എട്ടാമത്തേതും അമേരിക്കയിലെ 19-ാമത്തേതും വധശിക്ഷയാണിത്.
വിഷമിശ്രിതം കുത്തിവെക്കുന്നതിന് മുമ്പ് കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുന്നതായി പ്രതി പറഞ്ഞു.
വധശിക്ഷക്ക് ദൃക്‌സാക്ഷികളായി കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ജയിലില്‍ എത്തിയിരുന്നു.
മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട ബില്‍ഹാര്‍ട്ടിസിനെ (29) കൊലപ്പെടുത്തിയത് ഡ്രഗ് ഹൗസില്‍ വെച്ചായിരുന്നുവെന്ന് ന്യൂമെക്‌സിക്കോയില്‍ ഇവരുടെ സംസ്‌ക്കാരം നടക്കുന്നതിന് മുമ്പ് പ്രതി സമ്മതിച്ചിരുന്നു. മയക്ക് മരുന്ന് വ്യാപാരത്തെ കുറിച്ച് മറ്റുള്ളവര്‍ക്ക് വിവരം നല്‍കുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചു. കഴുത്ത് ഞെരിച്ചാണ് ഇയ്യാള്‍ യുവതിയെ കൊലപ്പെടുത്തിയത്. വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിച്ചു പതിനൊന്ന് മിനിട്ടിന് ശേഷം മരണം സ്ഥിരീകരിച്ചു.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമാണ് ടെക്‌സസ്സ്. വധശിക്ഷക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഭരണാധികാരികള്‍ ഇതൊന്നും മുഖവിലയ്‌ക്കെടുത്തിട്ടില്ല.