ഡാളസ് : വടക്കെ അമേരിയ്ക്കയിലെ മലയാളി എഴുത്തുകാരുടെ മികച്ച കൃതികള്‍ക്ക് രണ്ട് വര്‍ഷം കൂടുമ്പോള്‍ ലാന നല്‍കുന്ന പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ പേരുവിവരം പ്രഖ്യാപിച്ചു. കുര്യന്‍ മ്യാലില്‍(നോവല്‍), മോന്‍സി സകറിയ(ചെറുകഥ), ബിന്ദു ടിജി(കവിത), ഷാജന്‍ ആനിത്തോട്ടം(ലേഖന സമാഹാരം) എന്നിവരാണ് 2017-19 വര്‍ഷത്തെ ജേതാക്കള്‍. നവംബര്‍ 1 മുതല്‍ 3 വരെ ഡാളസ്സില്‍ വച്ച് നടന്ന ലാനയുടെ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് അവാര്‍ഡ് ജേതാക്കളെ ഫലകം നല്‍കി ആദരിച്ചു.
ഹൂസ്റ്റണ്‍ നിവാസിയായ കുര്യന്‍ മ്യാലിന്റെ ‘ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു’ എന്ന കൃതിയാണ് നോവല്‍ വിഭാഗത്തില്‍ സമ്മാനാര്‍ഹമായത്. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ കുര്യന്‍, 27 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിനുശേഷം 1987-ല്‍ അമേരിയ്ക്കയിലേയ്ക്ക് കുടിയേറി. അനുദിന ജീവിതത്തില്‍ സാമാന്യജനം നേരിടുന്ന ആത്മീയതയുടെയും ഭൗതികതയുടെയും വെല്ലുവിളികളും സംഘര്‍ഷങ്ങളും തന്മയത്വത്തോടെ വരച്ചുകാട്ടുന്ന മികച്ച കൃതിയാണ് കുര്യന്‍ മ്യാലിന്റെ നോവലെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

പത്തനംതിട്ട സ്വദേശിയായ മോന്‍സി സകറിയ പത്തുവര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം 2003-ല്‍ അമേരിയ്ക്കയിലെത്തി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയ അദ്ദേഹം, വിദ്യാഭ്യാസം, ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്നതിനോടൊപ്പം സാഹിത്യസപര്യ കൂടി നടത്തുന്നു. അവാര്‍ഡിനര്‍ഹമായ ‘രാപ്പാടികളുടെ ഗാനം കേള്‍ക്കുവാന്‍’എന്ന ചെറുകഥാ സമാഹാരത്തിന് 201-ലെ അംബേദ്കര്‍ ഹയസ്റ്റ് എക്‌സലന്‍സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയായില്‍ നിന്നു തന്നെയുള്ള കവയത്രി ബിന്ദു ടിജിയുടെ രാസമാറ്റം’ എന്ന കവിതാസമാഹാരമാണ് കവിതാവിഭാഗത്തില്‍ ലാന അവാര്‍ഡ് നേടിയത്. തൃശൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയ ബിന്ദു, മികച്ച അഭിനേത്രിയും, ഗാനരചയിതാവും, നാടക സംവിധായികയും കൂടിയാണ്. 2017-ല്‍ ഭാഷോ ബുക്‌സ് നടത്തിയ കവിതാ രചനാ മത്സരത്തില്‍ ‘രാസമാറ്റം’ എന്ന കവിത ഒന്നാം സ്ഥാനം നേടിയിരുന്നു.
ഷാജന്‍ ആനിത്തോട്ടത്തിന്റെ മൂന്നാമത്തെ പുസ്തകമായ ‘ഒറ്റപ്പയറ്റ്’ എന്ന ലേഖനസമാഹാരമാണ് പ്രസ്തുത വിഭാഗത്തില്‍ ഇത്തവണത്തെ ലാന പുരസ്‌കാരത്തിനര്‍ഹമായത്. ഇന്ത്യാ ഗവണ്‍മെന്റ് സര്‍വ്വീസില്‍ അഞ്ച് വര്‍ഷം അദ്ധ്യാപകനായി പ്രവര്‍ത്തിച്ചതിനുശേഷം 1998-ല്‍ അമേരിക്കയിലേയ്ക്ക് കുടിയേറിയ  അദ്ദേഹമിപ്പോള്‍ ചിക്കാഗോലാന്‍ഡിലെ വിവിധ സാമൂഹ്യ, സാംസ്‌കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്നു. എം.എ., എം.ഫില്‍, എം.എസ്.ഡബഌൂ, ബി.എഡ് ബിരുദധാരിയാണ്.

ലാന കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന പ്രത്യേക സമ്മേളനത്തില്‍ വച്ച് പുരസ്‌കാരങ്ങള്‍ക്കര്‍ഹരായവരെ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഓച്ചാലില്‍ പരിചയപ്പെടുത്തി. റിട്ടയേര്‍ഡ് ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ് അവാര്‍ഡ് ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രശസ്ത ഭിഷഗ്വരനും എഴുത്തുകാരനുമായ ഡോ.എം.വി.പിള്ള, ലാന പ്രസിഡന്റ് ജോണ്‍ മാത്യു, സെക്രട്ടറി ജോസന്‍ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. മോന്‍സി സകറിയയ്ക്കുവേണ്ടി എബ്രഹാം ജോണ്‍ ഒക്കലഹോമ അവാര്‍ഡ് സ്വീകരിച്ചു.