പഴനി: പഴനി-കൊടൈക്കനാല്‍ റോഡില്‍ വട്ടക്കാട് ഭാഗത്ത് മിനിബസ് നൂറടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിനിയായ സ്ത്രീ മരിച്ചു. ഏഴുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സൂറത്ത് നഗറിലെ അഭിഷേക് ഗാന്ധിയുടെ ഭാര്യ ദേവിഷയാണ്‌ (26) മരിച്ചത്. ഹരികൃഷ്ണന്റെ മകള്‍ ഫെന്നി (28), കേനലിന്റെ മകന്‍ ഹേത്ത് (11), ബെംഗളൂരു മാണ്ഡ്യയിലെ ബസ് ഡ്രൈവര്‍ സാഹര്‍ (28), സംഗേതിന്റെ മകന്‍ ഹേത് (8), ഹന്‍സ (64), ദര്‍ശന (46), പവിഷ (30) എന്നിവര്‍ക്കാണ് പരുക്കേറ്റത് . ഇവരെ പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട്‌ നാട്ടിലേക്ക് മടങ്ങുന്നതിനിടെ പഴനിക്കടുത്തുവെച്ച്‌ നിയന്ത്രണംവിട്ട ബസ് നൂറടി ആഴത്തിലേക്കുമറിഞ്ഞ് മരത്തില്‍ കുടുങ്ങികിടക്കുകയായിരുന്നു .

വാഹനത്തിലുണ്ടായിരുന്നവരുടെ ബഹളംകേട്ട് മറ്റ് യാത്രക്കാര്‍ പഴനി താലൂക്ക് പോലീസില്‍ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പഴനി ഡി.എസ്.പി. വിവേകാനന്ദന്‍, ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാര്‍, അഗ്നിശമനസേനാ അധികൃതര്‍, പഴനി മുസ്‌ലിം പരിപാലനസംഘക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് വീണ്ടും ആഴത്തിലേക്ക് വീഴാതിരിക്കാന്‍ കയര്‍ കെട്ടി ലോറിയിലേക്ക് വലിച്ചുകെട്ടിയിരിക്കുകയാണ്. വണ്ടിയില്‍ കുടുങ്ങിക്കിടക്കുന്ന സ്ത്രീയുടെ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണ് . സംഭവത്തില്‍ പഴനി താലൂക്ക് പോലീസ് കേസെടുത്തു.