2020 ജൂലൈ 9 മുതല്‍ 11 വരെ ന്യൂജേഴ്‌സിയില്‍ നടക്കുന്ന ഫൊക്കാന അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ തുടങ്ങിയതായി ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ നായര്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചാക്കപ്പന്‍ ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്റണി എന്നിവര്‍ അറിയിച്ചു.
ചരിത്രപ്രസിദ്ധമായ അറ്റ്‌ലാന്‍റിക് സിറ്റിയില്‍ നടക്കുന്ന കണ്‍വന്‍ഷന് വേദിയാകുന്നത് ബാലീസ് കസിനോസ് ആന്‍ഡ് റിസോര്‍ട്‌സ് ആണ്.കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രജിസ്‌ട്രേഷനുകള്‍ വേഗത്തില്‍ നടക്കുന്നു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടുന്ന മലയാളികളുടെ മാമാങ്കം കൂടിയാണിത്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹത്തിന് ജാതി മത വര്‍ഗ വിത്യാസമില്ലാതെ ഒരുമിച്ചിരുന്ന് സംസാരിക്കുവാനും ആശയങ്ങള്‍ പങ്കു വയ്ക്കുവാനും സംഘടനയുടെ നേതൃത്വ രംഗത്തേക്ക് വരുവാനും അവസരമൊരുക്കുന്ന കണ്‍വന്‍ഷന്‍ കൂടിയാണിത്. ഇത്തവണ ന്യൂജേഴ്‌സിയില്‍ കണ്‍വന്‍ഷനായി എത്തുന്നവര്‍ക്ക് അവധിക്കാലം ആസ്വദിക്കാനുള്ള സുന്ദര നിമിഷങ്ങളാക്കി ഫൊക്കാനാ കണ്‍വന്‍ഷനെ മാറ്റുവാന്‍ സാധിക്കും. അതു കൊണ്ട് അമേരിക്കയിലെ ആദ്യത്തെ മലയാളി സംഘടനകളുടെ ഒത്തുചേരലിന് വലിയ പ്രാധാന്യമുണ്ടന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ പറഞ്ഞു. പരമാവധി പങ്കാളിത്തം ഉറപ്പാക്കുകയും മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫൊക്കാന അംഗങ്ങളുടെ കുടുംബ സമേതം പങ്കാളിത്തവും ന്യൂജേഴ്‌സി കണ്‍വന്‍ഷന്‍ ലക്ഷ്യമിടുന്നു.

ഇത്തവണ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികള്‍ ഫൊക്കാനാ കണ്‍വന്‍ഷനായി എത്തുന്നുണ്ട്. മലയാളികള്‍ കൂടുതല്‍ കുടിയേറിയ ഗള്‍ഫ് മേഖലയില്‍ നിന്നും പരമാവധി പ്രാതിനിധ്യം ഉണ്ടാകുന്നത് അവരെ അമേരിക്കന്‍ മലയാളി സമൂഹത്തിന് അടുത്തറിയാന്‍ കൂടിയാണ്. ഗള്‍ഫ് മേഖലയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ നിരവധി കുടുംബങ്ങള്‍ അമേരിക്കയിലുണ്ട്. അവരുടെ ഒരു ഓര്‍മ്മ  പുതുക്കല്‍ കൂടിയാവും ഫൊക്കാനാ ന്യൂജേഴ്‌സി  കണ്‍വന്‍ഷനെന്ന് മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂജേഴ്‌സി കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ അമേരിക്കന്‍ മലയാളികളുടേയും ഫൊക്കാനാ അംഗ സംഘടനകളുടേയും സഹകരണം ഉണ്ടാകണമെന്ന് ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോയ് ചാക്കപ്പന്‍, ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്ട്, ട്രഷറര്‍ സജിമോന്‍ എന്‍റണി എന്നിവര്‍ അറിയിച്ചു.