ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും മറ്റൊരു നോട്ട് നിരോധനത്തിന് കളമൊരുങ്ങുന്നുവെന്ന സൂചന പങ്കുവെച്ച്‌ മുന്‍സാമ്ബത്തിക കാര്യ സെക്രട്ടറി സുഭാഷ് ഗാര്‍ഗ്. രണ്ടായിരം രൂപയുടെ നോട്ടുകളുടെ നല്ലൊരു ഭാഗവും വിപണിയില്‍ ഇല്ലെന്നും അവ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ടായിരം രൂപാ നോട്ടുകള്‍ അസാധുവാക്കാന്‍ സാധ്യതയുണ്ടെന്നു നോട്ടു നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തിന്റെ തലേദിവസമാണ് ഗാര്‍ഗ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മാസം ധനകാര്യ മന്ത്രാലയത്തില്‍ നിന്നും സ്വയം വിരമിച്ച വ്യക്തിയാണ് ഗാര്‍ഗ്.

നോട്ടിന്റെ മൂല്യത്തിന്റെ കണക്കില്‍ വിപണിയില്‍ പ്രചാരത്തിലുള്ള ആകെ നോട്ടുകളുടെ മൂന്നില്‍ ഒരു ഭാഗം രണ്ടായിരം രൂപാ നോട്ടുകളാണ്. ഈ രണ്ടായിരം രൂപാ നോട്ടുകളുടെ നല്ലൊരു ഭാഗവും ഇപ്പോള്‍ വിപണിയിലില്ല. അത് പൂഴ്ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ നിലവില്‍ ഇടപാടുകള്‍ക്ക് വേണ്ടി രണ്ടായിരം രൂപാ നോട്ടുകള്‍ ഉപയോഗിക്കുന്നില്ല. മറ്റൊന്നിനെയും ബാധിക്കാതെ രണ്ടായിരം രൂപാ നോട്ടുകള്‍ അസാധുവാക്കാന്‍ സാധിക്കും. അത് വളരെ ലളിതമാണ്. ഈ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാല്‍ ഈ പ്രക്രിയ നിര്‍വഹിക്കാന്‍ പറ്റുമെന്നും ഗാര്‍ഗ് പറഞ്ഞു.

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അപ്രതീക്ഷിതമായി നിരോധിച്ചത്. 1000 രൂപയുടെ നോട്ടിനു പകരമായാണ് 2000 രൂപയുടെ നോട്ടുകള്‍ ഇറക്കിയത്.