കല്‍പ്പറ്റ: വയനാട്ടില്‍ നിയമം കാറ്റില്‍ പറത്തി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവ്. കൊച്ചിയില്‍ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഇത്.
വൈത്തിരി താലൂക്കില്‍ നിലം നികത്തി ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭൂമി ഉടന്‍ പഴയ സ്ഥിതിയിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി സബ് കളക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പ് പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
വയനാട്ടില്‍ മൂന്ന് ബഹുനില ഫ്ളാറ്റുകളാണുള്ളത്. ഇതെല്ലാം അതീവ പരിസ്ഥിതി പ്രധാന്യമുള്ള വൈത്തിരി താലൂക്കിലെ വൈത്തിരി പഞ്ചായത്തിലാണുള്ളത്.
കേരള ഭൂവിനിയോഗ നിയമപ്രകാരം ചുണ്ടേല്‍ വില്ലേജില്‍ നിര്‍മിച്ചിരിക്കുന്ന ഫ്ളാറ്റ് വയലാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് സബ്കളക്ടര്‍ ഈ ഉത്തരവ് ഇറക്കിയിരുന്നത്. ആ ഭൂമി പഴയപോലെ വയലാക്കി തന്നെ മാറ്റണമെന്ന ഉത്തരവാണ് കളക്ടര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് പൊളിച്ച് പഴയ പോലെ കൃഷിയിടമാക്കണമെന്ന് ഉ്തരവില്‍ പറയുന്നു. ഒരു വര്‍ഷം മുമ്ബാണ് ഉത്തരവ് ഇറക്കിയത് എങ്കിലും അത് പുറത്ത് വന്നിരുന്നില്ല. അതിന് ശേഷം ഉടമകള്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ തയ്യാറാകാതിരുന്ന ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഉടമകളുടെ ഭാഗം കേട്ട് മൂന്ന് മാസത്തിനകം തീര്‍പ്പാക്കണം എന്ന ഉത്തരവാണ് നല്‍കിയത്.
ഈ നിലം നികത്താനുള്ള ഒരു അനുമതിയും റവന്യു വകുപ്പ് നല്‍കിയിട്ടില്ലെന്ന് ഉത്തരവില്‍ പറയുന്നു. മറ്റൊരു സ്ഥലത്തിന് മണ്ണിടാന്‍ നല്‍കിയ ഉത്തരവ് വെച്ചാണ് ഈ സ്ഥലം നികത്തിയിരിക്കുന്നത്. 2016 ല്‍ സി.എസ് ധര്‍മരാജ് എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ രണ്ട് പ്രളയത്തിലും കനത്ത നാശനഷ്ടം ഉണ്ടായ പ്രദേശമാണ് ഇത്.