മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഉടന്‍ ഏര്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. കാലാവധി കഴിഞ്ഞാലും ബി.ജെ.പി സര്‍ക്കാര്‍ തന്നെ തുടരുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെ സര്‍ക്കാരിന് ഒരാഴ്ച കൂടി തുടരാമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് ഫഡ്‌നാവിസ് സര്‍ക്കാരിന് ഒരാഴ്ച കൂടി തുടരാമെന്ന് വ്യക്തമാക്കിയതെന്നാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ വിശദീകരണം. ബി.ജെ.പി സംഘം നേരത്തെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചില്ല. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് ഒരാഴ്ച കൂടി സമയം അനുവദിച്ചിട്ടുണ്ടെന്ന് രാജ്ഭവന്‍ വ്യക്തമാക്കിയത്.

ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, സംസ്ഥാന മന്ത്രി സുധീര്‍ മുഗന്ധിവാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ബി.ജെ.പിയെ പ്രതിനിധീകരിച്ച്‌ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഗവര്‍ണര്‍ക്ക് വിശദീകരിച്ച്‌ നല്‍കിയെന്ന് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു. സര്‍ക്കാര്‍ രൂപീകരണം വൈകുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തതായി ബി.ജെ.പി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.