കൊല്ലം: എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായ നേതാവിന് ജാതിവാല്‍ മുളച്ചെന്നും ജാതി പറഞ്ഞ് ഈഴവ സമുദായത്തെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈഴവ വിരോധം ആളിക്കത്തിക്കുന്നതാണ് സംവരണം സംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന കേസ്. അവര്‍ക്ക് വേണ്ടത് വാങ്ങിച്ചോട്ടേ, മറ്റുള്ളവരെ കുത്തിനോവിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

കൊല്ലത്തു നടന്ന ആര്‍ ശങ്കര്‍ അനുസ്മരണത്തിലാണു വെള്ളാപ്പള്ളിയുടെ പരാമാര്‍ശം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.നവോത്ഥാന സമിതിയില്‍ പങ്കെടുക്കാത്തവര്‍ മാനസിക വൈകല്യമുള്ളവരും മാനസിക വികാസമില്ലാത്തവരുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്‍എസ്‌എസിന്റെ നിലപാടുകള്‍ കാടത്തമാണെന്നും സുകുമാരന്‍ നായര്‍ക്ക് ഈഴവ വിരോധമാണെന്നും നേരത്തെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം സുകുമാരന്‍ നായര്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ജാതിപറഞ്ഞുള്ള എന്‍എസ്‌എസ് വോട്ടുപിടിത്തം കേരളത്തെ ഭ്രാന്താലയമാക്കുന്നു. ജാതി നോക്കിയാണ് പിണറായിയെയും വിഎസിനെയും അധിക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.